ഫാഷിസത്തിനെതിരേ പോരാട്ടം അകത്തളങ്ങളില്‍ തുടങ്ങണം: വുമന്‍സ് ഫ്രറ്റേണിറ്റി ഫോറംദമ്മാം: ഫാഷിസത്തിനെതിരേയുള്ള പോരാട്ടം മക്കളെ ബോധവല്‍ക്കരിച്ചുകൊണ്ട് വീടിന്റെ അകത്തളങ്ങളില്‍ നിന്നും തുടങ്ങണമെന്ന് വുമന്‍സ് ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും അധികാരം കൈവന്നാല്‍ ആര്‍എസ്എസ് അജണ്ടകളാണ് നടപ്പിലാക്കുന്നത്. സത്യം വിളിച്ചു പറഞ്ഞതിനാണ് ഗൗരി ലങ്കേശിനെ സംഘപരിവാരം ഇല്ലായ്മ ചെയ്തത്. ഹിന്ദുത്വ ഫാഷിസത്തിന്റെ കുടിലതകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങി. അസത്യ പ്രചാരണത്തിലൂടെ വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൂടുതല്‍ കാലം മുന്നോട്ടു പോവാന്‍ കഴിയില്ല. ജനവിരുദ്ധ നിലപാടുകളും ജീവനും സ്വത്തിനും സുരക്ഷയില്ലാതിരിക്കുന്നതും മതനിരപേക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും വര്‍ഗീയ സമീപനം ഉണ്ടാകുന്നതും രാജ്യത്ത് പതിവായിരിക്കുന്നു. ഭരണഘടന മുറുകെപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ തന്നെ മുസ്ലിം, ദലിത്, ആദിവാസികള്‍ക്കു നേരെ ചീറിയടുക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്ത് നടക്കുന്ന തല്ലിക്കൊലകളിലും കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങളിലും കണ്ണീര്‍ കുടിക്കുന്നത് ജീവന്‍ നഷ്ടപ്പെടുന്നവരുടെ ഭാര്യയും അമ്മയുമായിട്ടുള്ള സ്ത്രീ സമൂഹമാണ്. പിന്നീടുള്ള അവരുടെ ജീവിതം ദുരിതപൂര്‍ണമാകുന്നു. പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായ മാതാപിതാക്കളെയും പട്ടിണിക്കിടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കൊലപാതക രാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്ന പാര്‍ട്ടികളെയോ നേതാക്കളെയോ കാണാറില്ലെന്നും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. തസ്നീം സുനീര്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ അസീല ശറഫുദ്ദീന്‍ 'ഇന്ത്യന്‍ ഫാഷിസവും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളുമെന്ന വിഷയമവതരിപ്പിച്ചു. അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഓപറേഷന്‍ മാനേജര്‍ നജ്മുന്നിസ വെങ്കിട്ട, പ്രവാസി ഫോറം വൈസ് പ്രസിഡന്റ് സുനില സലിം, വുമന്‍സ് ഫ്രറ്റേണിറ്റി പ്രതിനിധി ഷമീന നൗഷാദ്, സഹീറ അഷ്‌കര്‍, ഉനൈസ അമീര്‍, ഫൗസിയ റഷീദ്, ജസീല ഷര്‍നാസ്, നസീമ ഷാനവാസ്, ജാഫ്ന അമീന്‍ സംസാരിച്ചു. മര്‍വ ശറഫുദ്ദീന്‍ ഖിറാഅത്ത് നടത്തി. ആയിഷ സലിം സ്വാഗതവും ബുഷ്റ സലാം നന്ദിയും പറഞ്ഞു. സാജിത മൂസക്കുട്ടി, ഫൗസിയ അന്‍സാര്‍, സാജിത നമീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top