ഫാഷിസത്തിനെതിരായ ജനരോഷം: സിപിഎം കലിതുള്ളുന്നു- പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന മുസ്‌ലിംവേട്ട തുറന്നു കാട്ടപ്പെട്ടതോടെ, അതിനെ ന്യായീകരിക്കാന്‍ ചില സിപിഎം നേതാക്കള്‍ നടത്തുന്ന  പ്രസ്താവനകള്‍ അപഹാസ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍.
ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത്  കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് ആണെന്ന് പറയുന്ന അതേ നാവുകൊണ്ട് ആര്‍എസ്എസിനെതിരേ തെരുവിലിറങ്ങിയ യുവാക്കളെ മുസ്‌ലിം തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് സിപിഎം നേതാക്കള്‍. ഹര്‍ത്താലിന്റെ പേരില്‍ മാപ്പുപറയണമെന്ന് പോപുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളോട്  ആവശ്യപ്പെടുന്ന പി ജയരാജനെ പോലുള്ളവര്‍, മുസ്‌ലിം യുവാക്കള്‍ക്കെതിരേ ഉന്നയിച്ച തീവ്രവാദാരോപണം പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍എസ്എസിനെതിരേ കേരളത്തിന്റെ തെരുവുകളില്‍ ഉയര്‍ന്ന ജനരോഷത്തോടാണ് സിപിഎം നേതാക്കള്‍ കലിതുള്ളുന്നത്. കള്ളക്കേസുകള്‍ ചുമത്തിയും ദുരാരോപണങ്ങള്‍ ഉന്നയിച്ചും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട വിഷയത്തില്‍ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയോ, പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ മതത്തിനും രാഷ്ട്രീയത്തിനും അതീതമായി തെരുവിലിറങ്ങിയ യുവാക്കളുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിനെ സംഘടന പിന്തുണയ്ക്കുന്നു.
ആര്‍എസ്എസിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തെ തെരുവില്‍ നേരിടേണ്ട ഘട്ടത്തിലാണ് രാജ്യം എത്തിനില്‍ക്കുന്നത്.  ഫാഷിസത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയവര്‍ ക്കെതിരേ തീവ്രവാദം ആരോപിച്ച് ആര്‍എസ്എസിനെതിരായ വികാരത്തെ വഴിതിരിച്ചുവിടാനാണ് സിപിഎം അടക്കമുള്ള കക്ഷികള്‍ ശ്രമിച്ചത്.
ഹര്‍ത്താലില്‍ ഉണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളെ പര്‍വതീകരിച്ചതും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതും സിപിഎമ്മാണ്. സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഈ അസംബന്ധ നാടകം.
എന്നാല്‍, താനൂരിലടക്കം നടന്ന അക്രമസംഭവങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ പങ്ക് പുറത്തുവന്നതോടെ ഈ നാടകവും പൊളിഞ്ഞിരിക്കുന്നു.  ഇതിന് മുമ്പ് ഒരു ഹര്‍ത്താലിലും ഉണ്ടാവാത്ത നിലയിലുള്ള പോലിസ് ഭീകരതയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.
മുസ്‌ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയാണ് പോലിസ്. പോക്‌സോ ചുമത്തിയതിനെ ന്യായീകരിക്കുന്ന പി ജയരാജനെ പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ  ഫേസ്ബുക്ക് പോസ്റ്റിലടക്കം കഠ്‌വയില്‍ കൊല്ലപ്പെട്ട ബാലികയുടെ പേരും ഫോട്ടോയും ഉപയോഗിച്ചതിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

RELATED STORIES

Share it
Top