ഫാഷിസം സ്ത്രീവിരുദ്ധം; നമുക്ക് പൊരുതുക: എന്‍ഡബ്ല്യുഎഫ് സെമിനാര്‍ 8ന്‌

കോഴിക്കോട്: വനിതാ ദിനമായ മാര്‍ച്ച് 8നു  ഫാഷിസം സ്ത്രീവിരുദ്ധം; നമുക്ക് പൊരുതുക എന്ന വിഷയത്തത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യുഎഫ്) കോഴിക്കോട്ട്  സെമിനാര്‍ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്കു രണ്ടിന് ഫാത്തിമാ മുസഫര്‍ ചെന്നൈ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ജെ ദേവിക, മൃദുല ഭവാനി, എന്‍ഡബ്ല്യുഎഫ് പ്രസിഡന്റ് എ എസ് സൈനബ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്ന് എല്‍ നസീമ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുപോക്ക് ഗൗരവമായ ആശങ്കകള്‍ ഉണര്‍ത്തുന്നു. കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ബിജെപി നിയന്ത്രിത സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നശേഷം ശുഭകരമല്ലാത്ത മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ഫാഷിസം മനുസ്മൃതിയില്‍ നിന്നാണ് അതിന്റെ സ്ത്രീവിരുദ്ധത സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സ്വത്തു സമ്പാദനത്തിലും സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്നു. ആര്‍എസ്എസ് വര്‍ഗീയ ലഹളകളില്‍ സ്ത്രീകളാണ് ഉന്നംവയ്ക്കപ്പെടുന്നത്. ഗുജറാത്ത് വംശഹത്യയില്‍ നിരവധി സ്്ത്രീകളും കുട്ടികളും ബലാല്‍സംഗത്തിനും കൊലയ്ക്കും ഇരകളാക്കപ്പെട്ടു. ഹിന്ദുമതം വിട്ട് മറ്റു മതവിശ്വാസം സ്വീകരിച്ചവരെ പീഡിപ്പിക്കുന്ന ഇടിമുറികളെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭരണകൂട ഫാഷിസത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന സംഘടനയാണ് എന്‍ഡബ്ല്യുഎഫെന്നും അവര്‍ പറഞ്ഞു.  പി കെ റംല, കെ വി ജമീല  പങ്കെടുത്തു.

RELATED STORIES

Share it
Top