ഫാര്‍മസി സമയം 12 മണിക്കൂര്‍ ആക്കുന്നു

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയിലെ  ഫാര്‍മസി പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നു. ജൂണ്‍ 1 മുതല്‍ ഫാര്‍മസി 12 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം.  പൊന്നാനി താലൂക്കിലെ സാധാരണക്കാരുടെ അതുല്യമായ പൊന്നാനി താലൂക്കാശുപത്രിയുടെ പുതിയ മാറ്റങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഫാര്‍മസി പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്.
നിലവില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം. ഒപിയിലെത്തുന്ന രോഗികള്‍ക്ക് ഒട്ടുമിക്ക മരുന്നുകളും ‘ആശുപത്രി ഫാര്‍മസി വഴിയാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ നാലു മണിക്ക് ശേഷം ആശുപത്രിയിലെത്തുന്ന രോഗികള്‍ ആശുപത്രിക്ക് പുറത്തുള്ള സ്വകാര്യ മരുന്നുകടകളെയാണ് ആശ്രയിക്കുന്നത്.
ഇതിന് മാറ്റം വരുത്തി രോഗികള്‍ക്ക് പരമാവധി സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫാര്‍മസി സമയം നീട്ടാന്‍ ആശുപത്രിയില്‍ നടന്ന എച്ച്എംസി യോഗത്തില്‍ തീരുമാനമായത്. ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ആദ്യപടിയെന്നോണമാണ് 12 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നത്.
കൂടാതെ താലൂക്കാശുപത്രിയില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താനും, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സൗജന്യമായി ലാബ് ടെസ്റ്റുകള്‍ ആശുപത്രിയില്‍ നടത്താനും, പുതിയ തസ്തികകളിലേക്ക് നിയമനം നടത്താനും എച്ച്എംസി യോഗത്തില്‍ തീരുമാനമായി. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സൂപ്രണ്ട് ഡോ. ഷാജ്കുമാര്‍, ജനപ്രതിനിധികള്‍, മറ്റു എച്ച്എംസി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ മികച്ച പബ്ലിക് റിലേഷന്‍ ഓഫിസര്‍ക്കുള്ള അവാര്‍ഡ് നേടിയ പൊന്നാനി താലൂക്ക് ആശുപത്രി പിആര്‍ഒ ശ്രീജിത്തിനെ യോഗത്തില്‍ അനുമോദിച്ചു.

RELATED STORIES

Share it
Top