ഫാരിസ് സഗ്ബീനിക്ക് യുഎഫ്‌സി ഫാല്‍ക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു; വാര്‍ഷിക ഫുട്‌ബോള്‍ മേള ഒക്ടോ. 5ന് കിക്കോഫ്‌


 

ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഫാല്‍ക്കണ്‍ അവാര്‍ഡ് യുഎസ്ജി ബോറല്‍ മിഡില്‍ ഈസ്റ്റ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഫാരിസ് സഗ്ബീനിക്ക് സമ്മാനിച്ചു. ഇന്ത്യന്‍ തൊഴില്‍ സമൂഹത്തോടും അവരുടെ ക്ഷേമ കാര്യങ്ങളോടുമുള്ള ഗുണപരമായ സമീപനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കോര്‍ണിഷ് ഹോളിഡേ ഇന്‍ ഹോട്ടലില്‍ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പ്രൗഢമായ സദസിനെ സാക്ഷിയാക്കി സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ & ആര്‍ട്‌സ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അബ്ദുല്ല ഹസന്‍ അവാര്‍ഡ് സമ്മാനിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ഷാളും പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി പ്രശസ്തി പത്രവും കൈമാറി. യുഎഫ്‌സിയുടെ പത്താം വാര്‍ഷിക പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം സൗദി സ്‌പോര്‍ട്‌സ് കിഴക്കന്‍ പ്രവിശ്യാ ഡയറക്ടര്‍ ജാഫര്‍ ഹസന്‍ അല്‍ ഷുവൈക്കത്ത് നിര്‍വ്വഹിച്ചു. ഒരു പതിറ്റാണ്ടിലധികമായി പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ കായിക മേഖലയില്‍ അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തനം തന്നെ ആഹ്ലാദഭരിതനാക്കുന്നുവെന്നും തന്റെ എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും ജാഫര്‍ ഹസന്‍ പറഞ്ഞു. മുഖ്യാഥിതി യുഎസ്ജി ബോറല്‍ ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ അല്‍ ബസ്സാം പത്താം വാര്‍ഷിക ലോഗോ ആലേഖനം ചെയ്ത കേക്ക് മുറിച്ചു. ഒക്ടോബര്‍ അഞ്ചിന് ഖാദിസിയ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വാര്‍ഷിക ടൂര്‍ണമെന്റിന്റെ ലോഗോ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസിന് നല്‍കി യുഎസ്ജി ബോറല്‍ ജനറല്‍ മാനേജര്‍ സിയാദ് മാലിക് പ്രകാശനം ചെയ്തു. ടീം ജേഴ്സി മുബീന്‍ എടവണ്ണയും വളണ്ടിയര്‍ ജേഴ്സി ഡോ. അബ്ദുസ്സലാം, റഫീഖ് കൂട്ടിലങ്ങാടി എന്നിവരില്‍ നിന്നും ആശി നെല്ലിക്കുന്നും മുന്‍ ഇല്ലിനോഴ്‌സ് യൂനിവേഴ്സിറ്റി താരം പ്രൊഫസര്‍ അലി ഇബീദില്‍ നിന്നും മാന്‍ സൈത്തര്‍, വായില്‍ സൈത്തര്‍ മേളയിലേക്കുള്ള പതാകയും നജീബ് അല്‍ അഖീലില്‍ നിന്നും ആശിഖ് മുഹമ്മദ് (ദാദാബായ് ട്രാവല്‍സ്) പന്തും ഏറ്റുവാങ്ങി. മുന്‍ തുര്‍ക്കി ഗലത്ത് ക്ലബ്ബ് താരം ഡോ. ഇര്‍ത്താന്‍ ടൂര്‍ണമെന്റിലേക്കുള്ള യുഎസ്ജി ബോറല്‍ ചാംപ്യന്‍ ട്രോഫി വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ജാഫര്‍ ഹസന്‍ അല്‍ ഷുവൈക്കത്ത്, അബ്ദുല്ല ഹസന്‍, മുഹമ്മദ് ഫൈസല്‍ അല്‍ ബസ്സാം, യുഎസ്ജി ബോറല്‍ മാനേജ്മെന്റ് എന്നിവര്‍ക്ക് ക്ലബ്ബ് ഉപഹാരങ്ങള്‍ നല്‍കി. റിയാദ് എസ് അസ്സി, എമിലിയോ ഖൈരല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിക്ക് സഹകരണം നല്‍കിയ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്ട് ടീമംഗങ്ങള്‍ക്ക് മെമെന്റോ സമ്മാനിച്ചു. യുഎഫ്‌സിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററിയും കേരളത്തിലെ പ്രളയവും അതിജീവനവും വിശദീകരിക്കുന്ന ഡോക്യുമെന്ററിയും സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നിബ്രാസ് ശിഹാബ് അവതാരകനായിരുന്നു. ഷമീം വഹീദ്, മുഹമ്മദ് നിഷാദ്, ശരീഫ് മാണൂര്‍, അഷ്‌റഫ് തലപ്പുഴ, മാത്യു തോമസ്, അന്‍സാര്‍ കോട്ടയം, ശബീര്‍ ആക്കോട് നേതൃത്വം നല്‍കി. പ്രമുഖ കലാകാരി ദേവിക രാജേഷിന്റെ ശാസ്ത്രീയ നൃത്തത്തോടെ തുടങ്ങിയ പരിപാടി സൗദി-ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെയാണ് സമാപനം കുറിച്ചത്. 

RELATED STORIES

Share it
Top