ഫായിസ് റഷീദിനും കണ്ണീരോടെ വിട

ഫറോക്ക്: സമിഴ്‌നാട് തേനിക്ക് സമീപം വാഹന അപകടത്തില്‍പെട്ട കുടുംബത്തിലെ ഫായിസ് റഷീദിനും യാത്രാമൊഴി. ഇന്നലെ മധുരയിലെ ആശുപത്രിയില്‍ നിന്നും ഉച്ചക്ക് 1.45 പുറപ്പെട്ട ആംബുലന്‍ രാത്രി എട്ടരയോടെയാണ് അഴിഞ്ഞിലത്ത് എത്തിയത്. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ അഴിഞ്ഞിലം ജുമാ മസ്ജിദില്‍ ഖബറടക്കി. ഇതോടെ റഷീദിന്റെ കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരും യാത്രയായി.
അഖിന്‍ റോഡ് വേഴ്‌സ് ചെന്നൈ യുനിറ്റിലെ മാനേജറായ മലപ്പുറം അഴിഞ്ഞിലം ജുമാ മസ്ജിദിന് സമീപം കളത്തുംപടി പരേതനായ കുഞ്ഞഹമ്മദിന്റെ മകന്‍ അബ്ദുറഷീദ് (42) ഭാര്യ റസീന (35) മകള്‍  ലാമിയ (13), ഇരട്ട മക്കളായ ബാസില്‍ (13) ഫായിസ് റഷീദ് (13) എന്നിവര്‍ തേനി കുമളി ദേശീയ പാതയില്‍ തേനിക്ക് സമീപം വെത്തിലക്കുണ്ടില്‍ വെച്ച് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടത്തില്‍പെട്ടത്.
ഫായിസ് റഷീദ് ഒഴികെ നാലു പേരും സംഭവ സ്ഥലത്ത്‌വെച്ച് മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്.
അപകട വാര്‍ത്ത അറിഞ്ഞത് മുതല്‍ തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരുന്നു.
പോസ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി, ഡിണ്ടികല്‍ ജുമാ മസ്ജിദില്‍ നിന്നും മയ്യിത്ത് നമസ്‌കാരവും നടത്തിയാണ് ഇവര്‍ ആംബുലന്‍സുകളെ നാട്ടിലേക്ക് യാത്രയാക്കിയത്. സംഭവത്തിന്റെ നടുക്കത്തില്‍ റഷീദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇനിയും മോചിതരായിട്ടില്ല.
പത്ത് മാസം മുന്‍പാണ് റഷീദ് പുതിയ വീട് വെച്ച് താമസം മാറിയത്. പുതിയ വീട്ടില്‍ താമസിച്ച് കൊതി തീരും മുന്‍പാണ് കുടുംബത്തെ മുഴുവന്‍ വിധി  വേട്ടയാടിയത്. എല്ലാ പ്രധാനപ്പെട്ട അങ്ങാടികളിലും യുവാക്കളും നാട്ടുകാരും തടസ്സങ്ങള്‍ നീക്കി രണ്ട് ദിവസവും ആംബുലന്‍സുകള്‍ സുഖമായി കടന്നു പോവാന്‍ യാത്രയൊരുക്കി.പ്യുപ്പിള്‍ വോഴ്‌സ് ഓഫ് കേരള പ്രവര്‍ത്തകരാണ് ഇതിന് വാട്‌സ് ആപിലൂടെ നേതൃത്വം നല്‍കിയത്.

RELATED STORIES

Share it
Top