ഫാത്തിഹ ബിഷര്‍; സാഹിത്യ തറവാട്ടിലേക്ക് ഒരു കൊച്ചു മിടുക്കിയുടെ ഉദയം

കാളികാവ്: പിതാവിന്റെ എഴുത്തുമേശയുടെ കാലില്‍ അള്ളിപ്പിടിച്ച് നിന്നിരുന്നത് എഴുത്തിന്റെ ലോകത്തിലേക്കുള്ള എത്തിനോട്ടമായിരുന്നെന്ന് ബാപ്പയും കരുതിയില്ല. പതിനാലാം വയസ്സില്‍ രണ്ടു പുസ്തകങ്ങള്‍ രചിച്ച് അത് ചൂടപ്പം പോലെ വിറ്റു പോവുകയും ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയുടെ കഥയാണിത്.പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ദേശീയ അവാര്‍ഡ് ജേതാവുമായ ഹംസ ആലുങ്ങലിന്റെയും ബുഷ്‌റയുടെയും മകളായ ഫാതിഹ ബിഷര്‍ എന്ന കൗമാരക്കാരിയാണ് ഈ മിടുക്കി. പത്താം വയസ്സില്‍ തന്നെ കുടംബ മാസികകളിലും സുവനീറുകളിലും കഥകളും കുറിപ്പുകളും വെളിച്ചം കാണാന്‍ തുടങ്ങി.തുടര്‍ന്ന് എഴുത്തിനോട് മത്സരിക്കുകയായിരുന്നു ഈ മിടുക്കി.ഇപ്പോള്‍ പത്താം ക്ലാസ്സില്‍ വിജയിച്ചു.എല്ലാ കുട്ടികളും പരീക്ഷാ ച്ചുടില്‍ ഉരുകിയിരുന്നപ്പോള്‍ ഇവള്‍ രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു.
കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍  എന്ന പേരില്‍ ഒരു കഥാ സമാഹാരവും ഒരു നോവലുമാണ്.ഇപ്പോള്‍ പുറത്തിറങ്ങിയത്. സാരോപദേശ കഥകളില്‍ നിന്നും ഏറെ ഇഷ്ടപ്പെട്ട ഒന്‍പത് കഥകളുടെ പുനരാഖ്യാനമാണു കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍. ‘അനന്തരം അവനൊരു നക്ഷത്രമായി’ എന്നാണു നോവലിന് പേരിട്ടത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന റാക്കറ്റിന്റെ കുരുക്കില്‍പെട്ട ഭിന്നശേഷിക്കാരനായ ആറാം ക്ലാസു വിദ്യാര്‍ഥിയുടെ ദാരുണമായ കഥയാണ് നോവലിന്റെ ഇതിവൃത്തം. കാലികമായൊരു വിഷയത്തെ ഭാവനയുടേയും യാഥാര്‍ഥ്യങ്ങളുടെയും മഷിപ്പാത്രത്തില്‍ മുക്കിവരച്ച നോവലാണിതെന്ന് ആമുഖക്കുറിപ്പില്‍ മുഖ്താര്‍ ഉദരംപൊയില്‍ പറയുന്നു. മലപ്പുറം പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയില്‍ മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട്.
പരീക്ഷാ സമയത്ത് എഴുത്തിനു സമയം കൊടുത്തെങ്കിലും എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ മോശമാക്കിയിട്ടില്ല. ഇംഗ്ലീഷിലടക്കം ആറ് എ പ്ലസും ബാക്കിയെല്ലാത്തിനും എയുമുണ്ട്. കണക്കാണ് ചതിച്ചത്. അതിനു ബിയേയുള്ളൂ. കുത്തിയിരുന്ന് പഠിക്കുന്ന രീതി ആദ്യമേ ഇല്ലെന്നാണ് ഫാത്തിഹയുടെ പക്ഷം. അഞ്ചച്ചവടി ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴേ നാട്ടുപച്ച എന്ന മാസികയുടെ എഡിറ്റര്‍മാരിലൊരായിരുന്ന ഫാത്തിഹ ദേശാഭിമാനി അക്ഷരമുറ്റം, യുറീക്ക, മലര്‍വാടി വിജ്ഞാനോത്സവം തുടങ്ങി നിരവധി ക്വിസ് മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.ഫാത്തിഹ ബിഷറിന്റെ പുസ്തകങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്‌കതകമേളയില്‍ പ്രകാശനം ചെയ്തു.
മഅ്ദിന്‍ കംപസില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കെ. പത്മനാഭന്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍ പ്രമോദ് ദാസിന് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

RELATED STORIES

Share it
Top