ഫാക്ടിലെ ജിപ്‌സം അഴിമതി : ജയ്‌വീര്‍ ശ്രീവാസ്തവയെ സിബിഐ ചോദ്യംചെയ്തുകൊച്ചി: ഫാക്ടിലെ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണം നേരിടുന്ന മുന്‍ ചെയര്‍മാനും സിഎംഡിയുമായ ജയ്‌വീര്‍ ശ്രീവാസ്തവയെ സിബിഐ ചോദ്യംചെയ്തു. സ്വകാര്യ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് ജിപ്‌സം വില്‍പന നടത്തിയതുമൂലം എട്ടുകോടിയോളം രൂപ പൊതുമേഖലാ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാംപ്രതിയാണ് ജയ്‌വീര്‍ ശ്രീവാസ്തവ. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് ആറുമണി വരെ നീണ്ടുനിന്നു. ജിപ്‌സം ഇടപാടില്‍ അഴിമതി നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ഏഴുമാസം മുമ്പാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മാനേജര്‍മാരായ ശ്രീനാഥ് വി കമ്മത്ത്, ഐ എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനന്‍ പൊഡോര്‍, ഡാനിയേല്‍ മധുകര്‍, കരാറുകാരായ എന്‍ എസ് സന്തോഷ് ഷെട്ടി, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്. തുടര്‍ന്ന് ഇവരെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ശ്രീവാസ്തവ ഒഴികെയുള്ള മറ്റ് പ്രതികളെയെല്ലാം സിബിഐ നേരത്തേ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴികളെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് മുന്‍ ചെയര്‍മാനോട് ചോദ്യംചെയ്യലിനായി കൊച്ചിയിലെ സിബിഐ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ചോദ്യംചെയ്യലില്‍ ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രീവാസ്തവ നിഷേധിച്ചതായാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇദ്ദേഹത്തിന്റെ മൊഴികള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ശ്രീവാസ്തവ അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ എട്ടു സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഴിമതിയും ക്രമക്കേടും വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കുറഞ്ഞ വിലയ്ക്ക് ജിപ്‌സം വിറ്റതും ക്രമരഹിതമായ ലെഡ്ജര്‍ അഡ്ജസ്റ്റ്‌മെന്റും മൂലം ഫാക്ടിനു കോടികളുടെ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിബിഐ അന്വേഷണത്തിനു പിന്നാലെ ജയ്‌വീര്‍ ശ്രീവാസ്തവ നടത്തിയ നിരവധി അഴിമതികള്‍ പുറത്തുവരുകയുണ്ടായി. 2006ല്‍ ഹിന്ദുസ്ഥാന്‍ പ്രീഫാബ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സിഎംഡിയായി ശ്രീവാസ്തവ സ്ഥാനം നേടിയതുതന്നെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിനെ കബളിപ്പിച്ചുകൊണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top