ഫാക്ടറി മാലിന്യം തോട്ടില്‍ തള്ളുന്നതായി പരാതി

പൊന്‍കുന്നം: ഫാക്ടറി മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നതായി നാട്ടുകാരുടെ പരാതി. മാലിന്യമൊഴുകിയ വെള്ളത്തില്‍ കുളിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. മാന്തറ ആനക്കയം തോട്ടിലൂടെ വെളുത്ത പത ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് സമീപവാസികള്‍ ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടാണിത്. ഇതിനു സമീപമുള്ള നൂറുകണക്കിനു ജനങ്ങള്‍ കുളിക്കാന്‍ ഉയോഗിക്കുന്നത് ഈ വെള്ളമാണ്. തമ്പലക്കാട് ആനക്കയം തൊണ്ടുവേലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്നാണ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതെന്നു നാട്ടുകാര്‍ കണ്ടെത്തി. മാലിന്യ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് തോട്ടിലേക്കാണ്. ഈ ജലം മേലരുവി ചെക്ക് ഡാമിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെ നിന്നാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്കും വിവിധ കോളനികളിലേക്കും ജലമെത്തുന്നത്. പുലര്‍ച്ചെയും രാവിലെയുമാണ് പത കൂടുതലായും ഒഴുകിയെത്തുന്നത്. രാത്രി കാലങ്ങളില്‍ മാലിന്യം ഒഴുക്കി വിടുന്നതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22ാം വാര്‍ഡില്‍ നിന്നാണ് മാലിന്യം ഒഴുകി വരുന്നതെന്നും ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലിനജലം ഈ തോട്ടിലേക്ക് ഒഴുക്കി വിടുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് ഇതിന് സമീപം പ്രവര്‍ത്തിച്ചിരുന്ന റബര്‍ ഫാക്ടറി പൂട്ടിച്ചിരുന്നു. അന്ന് തോട്ടിലെ മീനുകള്‍ ചത്ത് പൊങ്ങിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജലത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. സമീപവാസികള്‍ക്ക് ത്വക്ക് രോഗങ്ങളും അലര്‍ജിയുമുണ്ടായതിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ടുനിന്ന ബഹുജന പ്രക്ഷോഭത്തിനൊടുവിലാണ് ഫാക്ടറി പൂട്ടിയത്.

RELATED STORIES

Share it
Top