ഫസല്‍ വധം: അന്വേഷണം അട്ടിമറിക്കാന്‍ കോടിയേരി ശ്രമിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് തന്നെ നീക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2006ല്‍ കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്പി ആയിരുന്ന കാലത്താണ് ഫസല്‍ കൊല്ലപ്പെടുന്നത്. കേസിന്റെ ആദ്യ പത്തു ദിവസം താനാണ് അന്വേഷണം നടത്തിയത്. പത്താമത്തെ ദിവസം രാവിലെ  അന്വേഷണച്ചുമതലയില്‍ നിന്നു നീക്കം ചെയ്തു. ഏഴുദിവസം കൊണ്ട് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു.
ഫസല്‍ കൊല്ലപ്പെടുന്ന അന്നു വൈകീട്ട് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി തലശ്ശേരി ടൗണില്‍ അനുശോചന യോഗം വിളിച്ചിരുന്നു. പക്ഷേ, ഉച്ചയ്ക്കുശേഷം അത് പ്രതിഷേധയോഗമാക്കി മാറ്റി. യോഗത്തില്‍ അന്നത്തെ ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരു പറഞ്ഞ് അവരാണ് ഫസലിനെ കൊന്നതെന്ന് ആരോപിച്ചു. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്നു രാത്രി തന്നെ ആ നാലുപേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അവര്‍ക്കു കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ അവരെ വിട്ടു.
തന്റെ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇതിനു മുമ്പ് സിപിഎമ്മിന്റെ ഇത്തരം ഓപറേഷന്‍സ് നടത്തിക്കൊണ്ടിരുന്ന ചില വ്യക്തികളിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. തുടര്‍ന്ന് കൊടി സുനിയെ ചോദ്യം ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെയാണ് അന്വേഷണച്ചുമതല തന്നില്‍ നിന്നു കോടിയേരി നീക്കിയത്. കണ്ണൂര്‍ ടിബിയില്‍ വന്ന് അദ്ദേഹം തന്നോട് നേരിട്ടു സംസാരിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
പഞ്ചസാര ഷിനില്‍, അഡ്വ. വല്‍സരാജ കുറുപ്പ് എന്നിവര്‍ നല്‍കിയ സൂചനകളാണ് സിപിഎം നേതാക്കളെ താന്‍ സംശയിക്കാന്‍ കാരണമായത്. പഞ്ചസാര ഷിനില്‍ സിപിഎമ്മിന് ബോംബ് നിര്‍മിച്ചുനല്‍കുന്ന വ്യക്തിയായിരുന്നു. സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഫസലിന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി വിവരം തന്ന് രണ്ടു മാസത്തിനുശേഷം ഷിനിലിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വല്‍സരാജ കുറുപ്പിനെ ബ്ലേഡ് മാഫിയ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
ഫസല്‍ വധക്കേസിന്റെ അന്വേഷണം തന്നില്‍ നിന്നു മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുവെങ്കിലും ഒരു വര്‍ഷം ഒന്നും ചെയ്തില്ല. ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പിന്നീട് കോടതി അന്വേഷണം സിബിഐക്കു വിട്ടു. സിബിഐ തന്നില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അന്വേഷണത്തില്‍ നിന്നു മാറ്റിയതിനുശേഷം തനിക്ക് കൊടിയ മര്‍ദനം ഏല്‍ക്കേണ്ടിവരുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. ഡിസംബര്‍ 15ന് രാത്രി തളിപ്പറമ്പില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അക്രമം. നട്ടെല്ല് തകര്‍ന്ന് ഒന്നരവര്‍ഷം ചികില്‍സയിലായിരുന്നു. തന്റെ ഓര്‍മശക്തി വരെ നഷ്ടപ്പെട്ടുപോയിരുന്നു.
എന്നിട്ടും അവര്‍ക്ക് പക തീര്‍ന്നില്ല. ഒരു സ്ത്രീയുമായി അനാശാസ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നു പറഞ്ഞ് കള്ളക്കേസുണ്ടാക്കി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഹൈക്കോടതി തനിക്കെതിരേയുള്ള സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അനുകൂല ഉത്തരവിട്ടു. സുപ്രിംകോടതിയും വിധി ശരിവച്ചു.
പിന്നീട് താന്‍ നിയമനടപടിക്ക് പോവുമെന്നു കണ്ടതോടെയാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. 2012ല്‍ എസ്പിയായി പ്രമോഷന്‍ ലഭിച്ചു. തുടര്‍ന്ന് എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റില്‍ അഡീഷനല്‍ എന്‍ഫോഴ്‌സ്‌മെന്റ് കമ്മീഷണറായി നിയമിച്ചു. തുടര്‍ന്നും പലതരത്തിലുള്ള പീഡനങ്ങളായിരുന്നു. ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ ജില്ലാനേതാക്കള്‍ക്കുള്‍പ്പെടെ പങ്കുണ്ടെന്ന് താന്‍ സംശയിച്ചതാണ് പീഡനങ്ങള്‍ക്കു കാരണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top