ഫസല്‍ വധംകോടിയേരിയുടെ പങ്ക് അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി ഫസല്‍ കൊല്ലപ്പെട്ട കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെടല്‍ നടത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫസല്‍ വധക്കേസില്‍ സിബിഐ  കണ്ടെത്തിയ കാര്യങ്ങളെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. കേസിന്റെ ഓരോ ഘട്ടത്തിലും സിപിഎം കാണിക്കുന്ന അസ്വസ്ഥത അവരുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു.
കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് കോടിയേരി ബാലകൃഷ്ണനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫസല്‍ വധക്കേസിന്റെ അന്വേഷണ പരിധിയില്‍ ഈ വെളിപ്പെടുത്തലും ഉള്‍പ്പെടുത്തണം. കേസിന്റെ തെളിവ് നശിപ്പിക്കാന്‍  രണ്ടുപേരെ പാര്‍ട്ടി തന്നെ കൊലപ്പെടുത്തി എന്ന ഗുരുതര ആരോപണവും ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്നുണ്ട്. ഇത് പ്രത്യേകം അന്വേഷിക്കണം.
നിരപരാധികളുടെ ജീവനെടുക്കുന്ന സിപിഎമ്മിന് കാലം നല്‍കുന്ന തിരിച്ചടിയാണിത്. സാമൂഹ്യ നിര്‍മിതിയില്‍ നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കുന്നവരെ വകവരുത്താന്‍ സിപിഎം നടത്തിയ ഹീന ശ്രമമാണ് കൊല. അതിനാലാണ് ഫസലിന്റെ രക്തസാക്ഷിത്വം സിപിഎമ്മിനെ വിടാതെ പിടികൂടുന്നത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടിയേരിയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top