ഫലസ്തീന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തു. കുവൈത്താണ് പ്രമേയം അവതരിപ്പിച്ചത്. ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ രണ്ടുമാസത്തിനിടെ 120ലധികം ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.
കുവൈത്ത് അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് റഷ്യയും ഫ്രാന്‍സും അടക്കം 10 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു. ഇസ്രായേലിന്റെ സഖ്യകക്ഷിയായ യുഎസ് മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പ്രമേയം ഏകപക്ഷീയമാണെന്നാണ് യുഎസ് അവകാശപ്പെടുന്നത്. ഹമാസ് സംഘടനയാണ് ഫലസ്തീന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളെന്നും യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലി ആരോപിച്ചു. ബ്രിട്ടന്‍, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
മൂന്നു തവണ മാറ്റം വരുത്തിയ ശേഷമാണ് പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ സംരക്ഷണം ഉറപ്പിക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ധാരണയിലെത്താന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയത്തിന്റെ ആദ്യകരട് പുറത്തുവന്നത്. ഗസാ മുനമ്പ് അടക്കം അധിനിവിഷ്ട ഫലസ്തീന്‍ മേഖലകളിലെ സാധാരണക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നാണ് അന്തിമ കരടില്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top