ഫലസ്തീന്‍ പ്രതിഷേധം; അര്‍ജന്റീന ഇസ്രായേലുമായുള്ള മല്‍സരത്തില്‍ നിന്ന് പിന്മാറി


തെല്‍അവീവ്: ഫലസ്തീനികളുടെ ശക്തമായ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ജറുസലേമില്‍ ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്‌ബോള്‍ മല്‍സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. മല്‍സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ലോക വ്യാപകമായി വിവിധ രൂപത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയും മസ്‌കരാനോയും ഉള്‍പ്പെടെയുള്ള പ്രമുഖ അര്‍ജന്റീനാ താരങ്ങള്‍ ലോകകപ്പിന് മുമ്പ് ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലത്ത് ചെന്ന് കളിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70ാം വാര്‍ഷികമായ ജൂണ്‍ 10 നാണ് ജറുസലേമിലെ ടെഡി സ്‌റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മല്‍സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടിക്ക് അംഗീകാരം നല്‍കുന്ന രീതിയിലുള്ള മല്‍സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ഫലസ്തീന്‍ ജനത കുറച്ച് ദിവസങ്ങളായി നടന്ന് വരുന്നത്. മല്‍സരവുമായി മുന്നോട്ടു പോയാല്‍ മെസിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കുമെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മത്സരവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അര്‍ജന്റീനിയന്‍ ടീമിന്റെ തീരുമാനമെങ്കിലും പ്രമുഖ താരങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് മാറി ചിന്തിക്കാന്‍ പ്രേരണയായതായാണ് കരുതുന്നത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top