ഫലസ്തീന്‍ ചിന്തകന്റെ വധം: പ്രതികളില്‍ ഒരാളുടെ ഫോട്ടോ പുറത്തുവിട്ടു

ക്വാലാലംപൂര്‍: ഫലസ്തീന്‍ ചിന്തകനും എന്‍ജിനീയറും ഹമാസ് അംഗവുമായ ഫദി അല്‍ ബതീഷിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന പ്രതികളില്‍ ഒരാളുടെ ഫോട്ടോ മലേസ്യന്‍ പോലിസ് പുറത്തുവിട്ടു. കുറ്റവാളികളെന്നു സംശയിക്കുന്ന രണ്ടു പേരും രാജ്യംവിട്ടിട്ടില്ലെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ ജനുവരിയില്‍ രാജ്യത്തെത്തിയതായാണു നിഗമനം. കഴിഞ്ഞദിവസം പോലിസ് രണ്ടുപേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ഫാദി അല്‍ ബതീഷ് കൊല്ലപ്പെട്ടത്. രാവിലെ നമസ്‌കാരത്തിനായി പള്ളിയിലേക്കു പോവുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ അധികൃതര്‍ ഇതു നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ ആണെന്നാണ് മലേസ്യന്‍ പോലിസിന്റെ നിഗമനം.

RELATED STORIES

Share it
Top