ഫലസ്തീന്‍കാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുമെന്ന് ട്രംപ്‌

വാഷിങ്ടണ്‍: ഫലസ്തീന്‍കാര്‍ക്കുള്ള ധനസഹായം വെട്ടിച്ചുരുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഫലസ്തീനികള്‍ക്കായി ചെലവഴിക്കുന്നതെന്നും എന്നാല്‍, അവര്‍ അതിനെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ലെന്നുമാണ് ട്രംപിന്റെ പരാമര്‍ശം.
ദീര്‍ഘകാലമായി വൈകുന്ന, ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകള്‍ പോലും അവര്‍ക്ക് വേണ്ടെന്നും ട്രംപിന്റെ ഫലസ്തീന്‍ വിരുദ്ധ ട്വീറ്റില്‍ പറയുന്നു. സമാധാനം ചര്‍ച്ചചെയ്യാന്‍ ഫലസ്തീന്‍കാര്‍ സന്നദ്ധരല്ലെങ്കില്‍ പിന്നെന്തിന് ഇത്രയും തുക അവര്‍ക്ക് നല്‍കണമെന്നും ട്രംപ് ചോദിക്കുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ നേതൃത്വം നിര്‍ബന്ധിതമാവണമെങ്കില്‍ സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നും ട്രംപ് പറയുന്നു.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് യുഎസിലെ നയതന്ത്ര പ്രതിനിധിയെ ഫലസ്തീന്‍ അതോറിറ്റി തിരിച്ചുവിളിച്ചിരുന്നു. യുഎസ് മുന്നോട്ടുവയ്ക്കുന്ന ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
പ്രതിവര്‍ഷം 30 കോടി ഡോളറോളമാണ് ഫലസ്തീന്‍ അതോറിറ്റിക്ക് യുഎസ് നല്‍കുന്ന ധനസഹായം. എന്നാല്‍, ഇസ്രായേലിന് സൈനിക സഹായ ഇനത്തില്‍ മാത്രം 310 കോടി ഡോളര്‍ പ്രതിവര്‍ഷം യുഎസ് നല്‍കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇസ്രായേലിനുള്ള സൈനിക സഹായം 380 കോടിയാക്കി വര്‍ധിപ്പിക്കാനും യുഎസ് ധാരണയിലെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top