ഫലസ്തീന്‍ഇസ്രായേല്‍ അതിക്രമങ്ങളെ യുഎന്‍ പൊതു സഭ അപലപിച്ചു

ന്യൂയോര്‍ക്ക് സിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനികാതിക്രമങ്ങളെ യുഎന്‍ പൊതുസഭ അപലപിച്ചു. അല്‍ജീരിയ, തുര്‍ക്കി അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ അവതരിപ്പിച്ച പ്രമേയത്തിന് 45ന് എതിരേ  120 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഗസയിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ഹമാസ് ഭരണകൂടത്തിന്റെ മേല്‍ ചുമത്താനുള്ള യുഎസിന്റെ നീക്കത്തെ യുഎന്‍ പൊതുസഭ തള്ളി.   ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കു നേരെ ഇസ്രായേല്‍ അമിതവും അനിയന്ത്രിതവും വിവേചനരഹിതവുമായി സൈനികശക്തി പ്രയോഗിക്കുകയാണെന്നും യുഎന്‍ പൊതുസഭ കുറ്റപ്പെടുത്തി. ഗസയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഫലസ്തീനികളുടെ സംരക്ഷണത്തിനു നടപടി സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. നിരായുധ പ്രക്ഷോഭകര്‍ക്കു നേരെ  ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയാണെന്നും  പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  രാജ്യത്തെ സിവിലിയന്‍മാര്‍ക്കു സംരക്ഷണം ഒരുക്കണമെന്ന് ഫലസ്തീന്റെ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍  വോട്ടെടുപ്പിന് മുമ്പ്് പൊതുസഭയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കു നേരെ വ്യവസ്ഥാപിതമായി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങള്‍ക്കു നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനികള്‍ സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് 60 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യുഎസ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷിനോട് സഭ ആവശ്യപ്പെടുകയും ചെയ്തു.  അഭയാര്‍ഥികളാക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം മണ്ണിലേക്കു തിരികെവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഗസ അതിര്‍ത്തിയില്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന് നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തിനിടെ മരിച്ചവരുടെ എണ്ണം 124 ആയി. മെയ് 14ന് യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയ ദിവസം നടന്ന ആക്രമണത്തില്‍  മാത്രം 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top