ഫലസ്തീനില്‍ ഇസ്രായേല്‍ വെടിവയ്പ്; മൂന്നു മരണം

ജറുസലേം: ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ രണ്ടാമത്തെ വെള്ളിയാഴ്ചയും ഗസയിലും വെസ്റ്റ്ബാങ്കിലും ശക്തമായ പ്രതിഷേധം നടന്നു.  ഗസയില്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രായേല്‍ പോലിസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 31ഉം 22ഉം പ്രായമുള്ള രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.   സൈന്യത്തിന്റെ നടപടിയില്‍ 100ലധികം പേര്‍ക്കു പരിക്കേറ്റു.  സൈന്യം സ്‌ഫോടക വസ്തുക്കളും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനെ തുടര്‍ന്നു ഗസയില്‍ 96 പേര്‍ക്കു പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. അല്‍ അഖ്‌സ പരിസരത്തും ജുമുഅ നമസ്‌കാര ശേഷം ആയിരിക്കണക്കിനു പേര്‍ പ്രതിഷേധിച്ചു. ഖലന്ദിയ ചെക് പോയിന്റ്, റാമല്ല, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലും പ്രതിഷേധക്കാര്‍ക്കു നേരെ  സൈന്യം അക്രമം അഴിച്ചുവിട്ടു. ഇവിടങ്ങളില്‍ 54 പേര്‍ക്കു പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്്. അതേസമയം ഹിബ്രോണില്‍ സൈനികരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത 16കാരന്‍ ഫൗസി അല്‍ ജുനൈദിന്റെ തടങ്കല്‍  നീട്ടി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫൗസി അല്‍ ജുനൈദിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റ്് ചെയ്തത്. 20ഓളം വരുന്ന സൈനികര്‍ ജുനൈദിനെ കണ്ണുകെട്ടി മര്‍ദിച്ച് അവശനാക്കി തെരുവിലൂടെ കൊണ്ടുപോവുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നേടുകയും ഇസ്രയേലിന്റെ നടപടി ഏറെ  വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നു ജുനൈദ് പറഞ്ഞു. താന്‍ ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈനികരുടെ മുന്നില്‍ പ്പെടുകയായിരുന്നു. അവര്‍ തന്നെ അറസ്റ്റ് ചെയ്യുകയും തുടരെ അടിച്ച് കണ്ണുകെട്ടി  വലിച്ചിഴയ്ക്കുകയായിരുന്നെന്നും ജുനൈദ് കോടതിയില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നു ഫലസ്തീനില്‍ വ്യാപക പ്രക്ഷോഭം ഉടലെടുത്തിരുന്നു. പ്രക്ഷോഭത്തിനെതിരേയുള്ള  ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top