'ഫലസ്തീനിയെ എങ്ങിനെ വധിക്കാം' വിദ്യാര്‍ഥികള്‍ക്കായി ഇസ്രായേല്‍ പോലിസിന്റെ പ്രദര്‍ശനംതെല്‍അവീവ്: വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ ഫലസ്തീനി 'അക്രമി'യെ എങ്ങിനെ വധിക്കാമെന്ന് വിശദീകരിക്കുന്ന ഇസ്രായേല്‍ പോലിസ് പ്രദര്‍ശനം പുറത്ത്. ഇസ്രായേലിലെ ചാനല്‍ 2 ആണ് പിഞ്ചു കുഞ്ഞുങ്ങളില്‍പോലും വംശീയത കുത്തിനിറയ്ക്കുന്ന ഇസ്രായേല്‍ ചെയ്തിയുടെ ഭീകരത പുറത്തുവിട്ടത്.

അഞ്ചാംക്ലാസിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുമ്പിലാണ് പ്രദര്‍ശനം ഒരുക്കിയത്. തെല്‍അവീവിലെ റാമത് ഹഷാരോണ്‍ സിറ്റി പാര്‍ക്കിലാണ് പോലിസിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിപാടി നടന്നത്. വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഭയപ്പെടരുതെന്ന് പോലിസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് രണ്ട് ബൈക്കുകളിലായി എത്തിയ നാല് പോലിസുകാര്‍ 'ഫലസ്തീനിക്ക്' നേരെ വെടിയുതിര്‍ക്കുന്നതും അയാള്‍ നിലത്തുവീണ് മരിച്ചെന്ന് ഉറപ്പാക്കുന്നതുവരെ വെടിവയ്പ് തുടരുന്നതുമായ രംഗമാണ് പ്രദര്‍ശിപ്പിച്ചത്.അതേസമയം, വിദ്യാര്‍ഥികളില്‍ ഭീകരത കുത്തിനിറയ്ക്കുന്ന ഈ പരിപാടിക്കെതിരേ നിരവധി രക്ഷിതാക്കള്‍ രംഗത്തുവന്നതായി ചാനല്‍ 2 റിപോര്‍ട്ട് വ്യക്തമാക്കി. അക്രമിയെയാണെങ്കില്‍പോലും അഞ്ചാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഒരാളെ കൊല്ലുന്ന രംഗം ചിത്രീകരിച്ച് കാണിച്ചുകൊടുക്കുന്നത് ശരിയല്ലെന്നാണ് രക്ഷിതാക്കളുടെ വാദം.

RELATED STORIES

Share it
Top