ഫലസ്തീനികള്‍ക്കെതിരായ അതിക്രമം പരിധിവിട്ടതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്വെസ്റ്റ്ബാങ്ക്്: അഞ്ചു പതിറ്റാണ്ടായി തുടരുന്ന ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍. അടിച്ചമര്‍ത്തലിലൂടെയും വിവേചനത്തിലൂടെയും ക്രമാനുഗതമായ പീഡനങ്ങളിലൂടെയും ഗസയും വെസ്റ്റ്ബാങ്ക് അടക്കമുള്ള പ്രദേശങ്ങളും ഇസ്രായേല്‍ അധീനതയിലാക്കിയതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) കുറ്റപ്പെടുത്തി. കൊല, ബലംപ്രയോഗിച്ച് കുടിയിറക്കല്‍, അനധികൃത തടവ്, നീതീകരണമില്ലാത്ത സഞ്ചാര നിയന്ത്രണം, അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം, സാധാരണക്കാര്‍ക്കെതിരേ ഏകപക്ഷീയമായ പോലിസ് നടപടി തുടങ്ങിയവയാണ് സയണിസ്റ്റ് ഭരണകൂടം ഫലസ്തീനില്‍ നടപ്പാക്കുന്നതെന്നും എച്ച്ആര്‍ഡബ്ല്യു ചൂണ്ടിക്കാട്ടി. കുട്ടികളെപ്പോലും തടവിലിടുന്ന സൈനിക കോടതികള്‍, ജൂതരെ മാത്രം കടത്തിവിടുന്ന സൈനിക കാവല്‍പ്പുരകള്‍, അംഗീകാരമില്ലെന്നാരോപിച്ച് ഭവനങ്ങള്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയവയാണ് ഇസ്രായേല്‍ ഫലസ്തീനില്‍ നടപ്പാക്കുന്നത്. 50 വര്‍ഷത്തിനിടെ വളരെ കുറച്ച് ഫലസ്തീനികള്‍ മാത്രമാണ് ഇസ്രായേലിന്റെ ക്രൂരമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ളൂവെന്നും സുരക്ഷാ കാരണങ്ങളുടെ പേരിലാണ് ഫലസ്തീനികള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുന്നതെന്നും എച്ച്ആര്‍ഡബ്ല്യു പശ്ചിമേഷ്യന്‍ ഡയറക്ടര്‍ സാറ ലീഹ് വിഷ്ടണ്‍ അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിനു നേരെ ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെയും എച്ച്ആര്‍ഡബ്ല്യു റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. താഴ്‌വരയില്‍ ഫലസ്തീനികള്‍ കടുത്ത വിവേചനമാണ് അനുഭവിക്കുന്നത്. ഇസ്രായേലിന്റെ അടിച്ചമര്‍ത്തല്‍ സുരക്ഷാ കാരണങ്ങളുടെ പരിധി കവിഞ്ഞിരിക്കുകയാണ്. അധിനിവേശം നൂറ്റാണ്ടിന്റെ  രണ്ടാംപാതിയിലേക്ക് കടക്കുകയാണെങ്കില്‍ ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. 1967 ജൂണില്‍ നടന്ന യുദ്ധത്തോടെയാണ് ഇസ്രായേല്‍ കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, ഗസ എന്നിവിടങ്ങളില്‍ അധിനിവേശവും ആക്രമണവും തുടങ്ങിയത്.

RELATED STORIES

Share it
Top