ഫലസ്തീനികള്‍ക്കുള്ള ധനസഹായം യുഎസ് മരവിപ്പിച്ചെന്ന് റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള 12.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം യുഎസ് മരവിപ്പിച്ചതായി റിപോര്‍ട്ട്. ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യുഎന്‍ ഏജന്‍സി (യുഎന്‍ഡബ്ല്യുആര്‍എ) വഴിയുള്ള ധനസഹായമാണ് യുഎസ് മരവിപ്പിച്ചത്. ഓണ്‍ലൈന്‍ മാധ്യമമായ ആക്‌സിയോസ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മൂന്നു പാശ്ചാത്യ നയതന്ത്ര വിദഗ്ധരെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. ഫണ്ട് മരവിപ്പിച്ച നടപടി ഫലസ്തീന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു കഴിയുന്നതുവരെ തുടരുമെന്നാണ് യുഎസ് തീരുമാനമെന്ന ആക്‌സിയോസ് റിപോര്‍ട്ട് ചെയ്തു. ഈ മാസം 1നായിരുന്നു യുഎന്‍ഡബ്ല്യുആര്‍എക്ക് യുഎസ് ധനസഹായം കൈമാറേണ്ടിയിരുന്നത്. അതേസമയം, ധനസഹായം നിര്‍ത്തിവച്ചിട്ടില്ലെന്നു യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സാമ്പത്തിക സഹായം സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഈ മാസം പകുതിയോടെ അന്തിമ തീരുമാനമുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ഫലസ്തീന്‍കാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. കോടിക്കണക്കിനു ഡോളറാണ് പ്രതിവര്‍ഷം ഫലസ്തീനികള്‍ക്കായി ചെലവഴിക്കുന്നതെന്നും എന്നാല്‍, അവര്‍ അതിനെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top