ഫലസ്തീനികളുടെ വീടുകള്‍ ഉടന്‍ തകര്‍ക്കും: ഇസ്രായേല്‍

ജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഖാന്‍ അല്‍ അഹ്്മര്‍ പ്രദേശത്തെ ഫലസ്തീനികളുടെ വീടുകള്‍ എട്ടു ദിവസത്തിനകം തകര്‍ക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. വീടുകള്‍ തകര്‍ക്കുന്നതിനെതിരേ ഫലസ്തീനികള്‍ നല്‍കിയ ഹരജി ഇസ്രായേല്‍ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണു പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോവാനുള്ള സര്‍ക്കാരിന്റെ ഉത്തരവ്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ഖാന്‍ അല്‍ അഹ്മറിലെ വീടുകള്‍ ഒക്ടോബര്‍ ഒന്നിനകം തകര്‍ക്കുമെന്നാണു പ്രദേശവാസികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ നോട്ടീസ്.
ഖാന്‍ അല്‍ അഹ്മറിലെ 180ഓളം വരുന്ന ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാനും കുടിയിറക്കാനുമുള്ള ഇസ്രായേലിന്റെ തീരുമാനത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കരുതെന്നു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഈ മാസം ആദ്യവാരം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രദേശവാസികളെ ദുരിതത്തിലാക്കുമെന്നും നിര്‍ദിഷ്ട ദ്വിരാഷ്ട്ര പരിഹാരത്തിനു വിലങ്ങുതടിയാവുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ജനങ്ങള്‍ സ്വയം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുമെന്നു പ്രാദേശിക ഭരണകൂടം അറിയിച്ചു.
ജെറുസലേമില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെ, മാലി അദുമിം, കഫാര്‍ അദുമിം എന്നീ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കിടയിലുള്ള പ്രദേശമാണ് ഖാന്‍ അല്‍ അഹ്മര്‍. പ്രദേശത്തു നിന്നു ഫലസ്തീനികളെ ഒഴിപ്പിച്ചു കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമം. ഇതിലൂടെ വെസ്റ്റ്ബാങ്കിനെ രണ്ടായി വിഭജിക്കാനാണു നീക്കം.
ജഹാലിന്‍ സഞ്ചാരി ഗോത്രത്തില്‍പ്പെട്ടവരാണു ഗ്രാമവാസികള്‍. 1950കളില്‍ നഖാബ്് മേഖലയില്‍ നിന്ന് ഇസ്രായേല്‍ കുടിയിറക്കിയ 40ഓളം ഫലസ്തീന്‍ കുടുംബങ്ങളില്‍പ്പെട്ടവരാണിവര്‍.
ഖാന്‍ അല്‍ അഹ്മറില്‍ താമസമാക്കുന്നതിനു മുമ്പ് അനധികൃക കുടിയേറ്റ നിര്‍മാണത്തിന്റെ ഭാഗമായി രണ്ടു തവണ ഇവരെ വിവിധയിടങ്ങളില്‍ നിന്ന് ഇസ്രായേല്‍ കുടിയൊഴിപ്പിച്ചിരുന്നു. ജൂലൈ ആദ്യവാരത്തില്‍ ഖാന്‍ അല്‍ അഹ്മറിലെ ഫലസ്തീനികളുടെ കുടിലുകളും ടെന്റുകളും ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ വച്ച് തകര്‍ത്തതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

RELATED STORIES

Share it
Top