ഫലപ്രഖ്യാപനത്തിനു പിന്നാലെ ജെഎന്‍യുവില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് പിന്നാലെ സംഘര്‍ഷം. തങ്ങളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍ സായ് ബാലാജി പറഞ്ഞു.
രാത്രി സുതേല്‍ജ് ഹോസ്റ്റലിന് മുന്നില്‍ ഇടതു സഖ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നു സായ് ബാലാജി പറഞ്ഞു. ഇതുസംബന്ധിച്ച് വസന്ത്കുഞ്ച് പോലിസ് സ്‌റ്റേഷനില്‍ ബാലാജി പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ അധ്യാപകര്‍ക്കൊപ്പം എത്തിയ ബാലാജി രണ്ടു പരാതികളാണു നല്‍കിയത്. എന്നാല്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് എബിവിപി കുറ്റപ്പെടുത്തി. പോലിസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇരുവിഭാഗവും പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും ചെയ്തു.
സ്‌റ്റേഷനില്‍ വച്ച് എപിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും അവരെ പിന്തുണയ്ക്കുന്ന അധ്യാപകരും തങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ക്കൊപ്പം പരാതി നല്‍കാനെത്തിയ ഇക്കോണമിക്‌സ് പ്രഫ. ജയതിഘോഷ് പറഞ്ഞു. തങ്ങള്‍ക്കറിയാത്ത ചിലരും അവിടെയുണ്ടായിരുന്നുവെന്നും പുറത്തുനിന്നുള്ളവരാണെന്നു കരുതുന്നതായും ഘോഷ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ ഐസ പ്രവര്‍ത്തകനായ പവന്‍ മീണയെയെയും സുഹൃത്തുക്കളെയും സുരഭ് ശര്‍മയുടെ നേതൃത്വത്തിലുള്ള എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റലിന് പുറത്ത് മര്‍ദിച്ചതായി ബാലാജി നല്‍കിയ ആദ്യ പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞു ഹോസ്റ്റലിനു മുന്നിലെത്തിയപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതാണു കണ്ടത്. പോലിസിനെ വിൡച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. പോലിസ് എത്തിയിട്ടും ഭീഷണി തുടര്‍ന്നു. പോലിസില്‍ പരാതി നല്‍കിയതിനു ശര്‍മയും സംഘവും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പോലിസ് സ്‌റ്റേഷന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും രണ്ടാമത്തെ പരാതിയില്‍ പറയുന്നു. എന്നാല്‍ തങ്ങളെ ഇടതു വിദ്യാര്‍ഥികള്‍ ആക്രമിച്ചതായി എബിവിപി മീഡിയ കണ്‍വീനര്‍ മോണിക്ക ചൗധരി പറഞ്ഞു.

RELATED STORIES

Share it
Top