ഫയല്‍ മോണിറ്ററിങ് കമ്മിറ്റി; നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

പീരുമേട്: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സര്‍ക്കാര്‍ ഓഫിസികളിലും കൃത്യമായി ഫയലുകള്‍ സൂക്ഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ വകുപ്പുകളില്‍ ഫയല്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. വിവരാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാട സാമി ആണ് നിവേദനം നല്‍കിയത്.
വിവരാവകാശ നിയമം 2005 പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍, നിയമത്തിന്റെ പരിധിയില്‍ വരുന്ന മറ്റു സ്ഥാപനങ്ങള്‍ എല്ലാം കൃത്യമായി മറുപടി നല്‍കേണ്ടതുണ്ട്. പകര്‍പ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കേണ്ട സ്ഥിതിയും നിലവില്‍ ഉള്ളപ്പോള്‍ ഫയലുകളും, രേഖകളും വളരെ കൃത്യമായി സുക്ഷിച്ചാല്‍ മാത്രമേ യഥാസമയത്തു അപേക്ഷകര്‍ക്ക് നല്‍കാന്‍ സാധിക്കു.നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ രേഖകള്‍, ഫയലുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ല.
തന്‍മൂലം അപേക്ഷകര്‍ വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീലുകള്‍ നിരവധി എത്തുകയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം എന്ന നിലക്ക് ഓഫിസുകളില്‍ ഫയലുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഫയല്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നാണു ഗിന്നസ് മാടസാമി ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top