ഫയര്‍ ഹൈഡ്രന്റ് സംവിധാനം; ജില്ലയെ അവഗണിക്കുന്നുമാനന്തവാടി: പ്രധാന ടൗണുകളില്‍ വന്‍ അഗ്നിബാധയുണ്ടാവുമ്പോള്‍ എളുപ്പത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ഫയര്‍ ഹൈഡ്രന്റ് സംവിധാനം ജില്ലയിലെ അഗ്‌നിരക്ഷാ യൂനിറ്റുകളില്‍ മാത്രം ഇനിയും നടപ്പിലായില്ല. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ വളരെ വിജയകരമായ രീതിയില്‍ ഈ പ്രതിരോധ പ്രവര്‍ത്തനം നടത്തുമ്പോഴും വര്‍ഷങ്ങളായി ജില്ലാ ഫയര്‍ഫോഴ്‌സിന്റെ ആവശ്യത്തോട് അധികൃതര്‍ അവഗണന തുടരുകയാണ്. നഗരഹൃദയങ്ങളിലൂടെ കടന്നുപോവുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പില്‍ നിന്ന് അഗ്‌നിരക്ഷാ യൂനിറ്റിന് അടിയന്തര ഘട്ടങ്ങളില്‍ യഥേഷ്ടം വെള്ളം ലഭ്യമാക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. തിരക്കേറിയ സ്ഥലങ്ങളിലും മറ്റും അഗ്‌നിബാധ ഉണ്ടാവുമ്പോള്‍ നാശനഷ്ടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിന് പുറമെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളില്‍ വെള്ളം കഴിയുമ്പോള്‍ വീണ്ടും വെള്ളം നിറയ്ക്കാനെടുക്കുന്ന സമയം നാലിലൊന്നായി കുറയ്ക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ഇത്തരത്തിലുള്ള ഹൈഡ്രന്റ് പോയിന്റുകളുടെ പൂര്‍ണ നിയന്ത്രണം വാട്ടര്‍ അതോറിറ്റിക്കും ഫയര്‍ഫോഴ്‌സിനും മാത്രമായിരിക്കും. മറ്റാര്‍ക്കും തന്നെ ഈ പോയിന്റുകള്‍ തുറന്ന് വെള്ളമെടുക്കാന്‍ കഴിയില്ല. ഈ സംവിധാനം ജില്ലയില്‍ നടപ്പാക്കാത്തതിന്റെ പ്രത്യാഘാതത്തിന് ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തിലെ ടെക്‌സ്റ്റൈല്‍സിലുണ്ടായ വന്‍ അഗ്‌നിബാധ. സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കഴിയുമായിരുന്നു. ജില്ലയിലെ മൂന്ന് അഗ്നിരക്ഷാ യൂനിറ്റുകള്‍ തമ്മില്‍ 30 കിലോമീറ്ററിലധികം വ്യത്യാസമുണ്ടെന്നതിനാല്‍ തന്നെ വന്‍ അഗ്‌നിബാധ ഉണ്ടാവുമ്പോള്‍ മറ്റ് യൂനിറ്റുകളില്‍ നിന്നു വാഹനങ്ങള്‍ എത്തുമ്പോഴേക്കും എല്ലാം ചാമ്പലാവും.

RELATED STORIES

Share it
Top