ഫണ്ട് വിനിയോഗത്തില്‍ ചരിത്ര നേട്ടവുമായി കുടുംബശ്രീ ജില്ലാമിഷന്‍

കോഴിക്കോട്: പദ്ധതി തുക വിനിയോഗത്തില്‍ ജില്ലാ കുടുംബശ്രീമിഷന് തിളക്കമാര്‍ന്ന നേട്ടം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ അനുവദിച്ച 10.93 കോടിയില്‍ 99.99 ശതമാനവും ജില്ലാമിഷന്‍ ചെലവഴിച്ച് കഴിഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 249 രൂപ മാത്രമാണ് കുടുംബശ്രീയുടെ അകൗണ്ടില്‍ മിച്ചമുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ തൊഴില്‍ സംരംഭങ്ങള്‍, പട്ടികവര്‍ഗ മേഖലകള്‍, സൂക്ഷ്മസംരംഭങ്ങള്‍, വ്യത്യസ്ത മേഖലകളിലായുള്ള ജെന്റര്‍ പ്രവര്‍ത്തനങ്ങള്‍, ജൈവപച്ചക്കറി ഉല്‍പാദനങ്ങള്‍, ബാലസഭ പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ് തുടങ്ങിയ പദ്ധതികളിലായാണ് തുക ചെലവഴിച്ചത്. പൈതൃക തെരുവിലെ ബഗ്ഗികള്‍, ഹോസ്റ്റല്‍ രംഗത്ത് സാന്നിധ്യമറിയിച്ച്‌കൊണ്ട് നാല് ഹോസ്റ്റലുകള്‍, ആദിവാസി വിഭാഗത്തിനായി ഊരിലൊരു ഡോക്ടര്‍, വിധവകള്‍ക്ക് മാത്രമായി സ്‌കില്‍ ട്രെയിനിങ്, 82 സിഡിഎസുകളിലെ വിജിലന്റ് ഗ്രൂപ്പുകളില്‍നിന്നായി സന്നദ്ധ സേവനത്തിനായി പിങ്ക് ടാസ്‌ക് ഫോഴ്‌സ്,വിവിധ മേഖലകളില്‍ കുടുംബശ്രീയിലൂടെ സ്ത്രീകള്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി തുടങ്ങിയവ കോഴിക്കോടിന്റെ തനത് പദ്ധതികളാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.  ഇത്‌വഴി സ്ത്രീകള്‍ക്ക് തൊഴില്‍, വരുമാനം എന്നിവ നല്‍കികൊണ്ട് സ്ത്രീശാക്തീകരണ രംഗത്ത് വന്‍ മുന്നേറ്റമാണ് കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്‍ കൈവരിച്ചത്.

RELATED STORIES

Share it
Top