ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു

കോഴിക്കോട്: പോലിസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് പട്ടികജാതി, വര്‍ഗ ഗോത്ര കമ്മീഷന്‍ അധ്യക്ഷന്‍ ബി എസ് മാവോജി. കോഴിക്കോട്ട് കമ്മീഷന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരേ ഉണ്ടാവുന്ന അതിക്രമങ്ങളില്‍ പോലിസ് നിയമം പാലിച്ച് നടപടി സ്വീകരിക്കുന്നില്ല എന്നുമാത്രമല്ല, പ്രതികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിക്കുന്നത്. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ഏറിയപങ്കും പോലിസിന്റെ ഇത്തരം പ്രവൃത്തികളെ സംബന്ധിച്ചാണ്. എസ്‌സി, എസ്ടി വിഭാഗങ്ങളോടും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോടും പോലിസിന്റെ സമീപനം വളരെ മോശമായിവരികയാണ്. പോലിസിന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഈ സമീപനത്തില്‍ മാറ്റം വരണമെങ്കില്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം. സ്വാതന്ത്ര്യസമരകാലത്ത് സംഭവിച്ചതുപോലെയുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടായേ മതിയാവൂ.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എസ്‌സി, എസ്ടി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വികസന പദ്ധതികളെ കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചു. എസ്‌സി എസ്ടി ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളെ കുറിച്ച് വ്യാപകമായ പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതിനായി സര്‍വീസില്‍ നിന്നു വിരമിച്ച മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സമിതിക്ക് രൂപംനല്‍കി. എത്ര പദ്ധതികള്‍ പൂര്‍ത്തിയായി, എത്രയെണ്ണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല, നടപ്പാക്കിയവ ഈ വിഭാഗത്തിന് ഗുണം ചെയ്യുന്നതാണോ, പദ്ധതികളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. അനിവാര്യമായ പുതിയ പദ്ധതികളെ കുറിച്ചും പദ്ധതി നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും കമ്മീഷന്‍ പഠനം നടത്തും.

RELATED STORIES

Share it
Top