ഫണ്ട് വകമാറ്റിയതിനെച്ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം

തിരുവനന്തപുരം/കോട്ടയം: മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രാച്ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ടില്‍നിന്നും വകമാറ്റിയ സംഭവം വിവാദമായതോടെ ചെലവായ തുക നല്‍കി തലയൂരാന്‍ സിപിഎം.
യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിയുടെ അഭിപ്രായം പരിഗണനയിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തുക പാര്‍ട്ടിതന്നെ തിരികെ നല്‍കിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന് അനുമതി നല്‍കിയേക്കും. പൊതു ഖജനാവില്‍നിന്ന് പണം ചെലവാക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് വരുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തതിന് ചെലവായ തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാണ് വിവാദമായത്. ഇത് പിന്നീട് വലിയ രാഷ്ടീയ കോളിളക്കത്തിന് ഇടയാക്കിയതോടെ സര്‍ക്കാര്‍ പിന്‍വലിച്ചു.
അതിനിടെ വിഷയം സിപിഎം-സിപിഐ തര്‍ക്കത്തിനും വഴിതുറന്നു. ദുരിതാശ്വാസ ഫണ്ടില്‍നിന്നും മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് തുക അനുവദിച്ച റവന്യൂ അഡീഷനല്‍ സെക്രട്ടറി പി എച്ച്  കുര്യനെതിരേ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം റവന്യൂമന്ത്രി നടത്തിയത്. റവന്യൂമന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറിയായ പി എച്ച് കുര്യന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന പരാതി സിപിഐക്ക് നേരത്തേ തന്നെയുണ്ട്.
എന്നാല്‍, റവന്യൂ സെക്രട്ടറിയെ കൈവിടില്ലെന്ന സൂചന നല്‍കുന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം. മന്ത്രിമാരോട് ചോദിച്ചിട്ടല്ല യാത്രാച്ചെലവ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതെന്നും കുര്യനെതിരേ നടപടി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുര്യന്റെ നടപടി സംബന്ധിച്ച ചോദ്യത്തിന് എതിര്‍പ്പുകള്‍ പരസ്യമായി പ്രകടിപ്പിക്കില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ മറുപടി.
അതേസമയം, ഓഖി ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശ്യപ്പെട്ടു. ആകാശയാത്ര വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാനാണ് വി ടി ബല്‍റാമിനെതിരേ സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓഖി ഫണ്ട് ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top