ഫണ്ട് ലഭിച്ചില്ല; ഉച്ച ഭക്ഷണ പദ്ധതി അവതാളത്തില്‍

എംവി  വീരാവുണ്

ണിപട്ടാമ്പി: അധ്യയനവര്‍ഷം പാതി പിന്നിട്ടിട്ടും സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ അനുവദിക്കേണ്ട പ്രതിമാസ സംഖ്യകള്‍ ഇതുവരെ  ലഭിച്ചില്ലെന്ന പരാതി വ്യാപകമാവുന്നു. കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ വരെയുള്ള അഞ്ച് മാസത്തെ കുടിശ്ശികയാണ്  ലഭിക്കാനുളളത്. സ്‌കൂളുകള്‍ ക്രിസ്തുമസ് അവധിക്ക് പൂട്ടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഉച്ചഭക്ഷണയിനത്തില്‍ ആറു മാസത്തെ തുക നല്‍കേണ്ടതുണ്ട്. സംസ്ഥാനത്താകെ ഭൂരിഭാഗം ജില്ലകളില്‍ സ്ഥിതി സമാനമാണ്. പ്രതിദിനം ഒരുകുട്ടിക്ക് എട്ടു രൂപ വെച്ചാണ് സര്‍ക്കാറില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് നല്‍കുന്നത്. ഇതുപ്രകാരം 1000 കുട്ടികളുള്ള ഒരുസ്‌കൂളില്‍ ദിവസവും 8000 രൂപ ദിവസേന ഭക്ഷണത്തിന് മാത്രം ചെലവ് വരും. ഒരു മാസത്തേക്ക് ശരാശരി 20 അധ്യയന ദിവസങ്ങള്‍ കണക്കാക്കിയാല്‍ പ്രതിമാസം 1,60,000 രൂപ കുടിശ്ശിക വരും. അഞ്ച് മാസത്തെ കുടിശ്ശിക കൂട്ടുമ്പോള്‍ എട്ടു ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഏല്‍ക്കേണ്ടി വരുന്നത്. വലിയ സ്‌കൂളുകളില്‍ 2000 മുതല്‍ 2700 കുട്ടികള്‍ വരെ െ്രെപമറി ക്ലാസുകളില്‍ പഠിക്കുന്നവരുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഇതിലും പരിതാപരമാണ്. ഇതിനു പുറമെയാണ് പാചക വാതകം ഉപയോഗിക്കുന്നതിലെ ദുരവസ്ഥ. വിറകടുപ്പിനുള്ള വിലക്കിനെ തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലും പാചകവാതകമാണ് ഉപയോഗിക്കുന്നത്. 1000 കുട്ടികളുളള ഒരുസ്‌കൂളില്‍ ഒരുമാസം  ചുരുങ്ങിയത് 20 സിലിണ്ടറെങ്കിലും വേണം.സബ്‌സിഡി ലഭ്യമല്ലാത്തതിനാല്‍ 9600 രൂപ ആയിനത്തിലും കണ്ടെത്തണം.പാചക തൊഴിലാളികളുടെ വേതന വിഹിതവും സംഘടിപ്പിക്കണം. 500 കുട്ടികളുളള ഒരുവിദ്യാലയത്തില്‍ ഒരു തൊഴിലാളിയും അതിന് മുകളിലുളള സ്‌കൂളില്‍ രണ്ട് പേരേയും നിയമിക്കണമെന്നാണ് ചട്ടം. രണ്ട് പേര്‍ക്ക് 20 ദിവസത്തെ വേതനം 500 വീതം കൂട്ടിയാല്‍ 20,000 വേറെയും. പാചക വാതകത്തിനും തൊഴിലാളികളുടെ കൂലിയുംകൂടി 30000 രൂപയും ചേര്‍ക്കുമ്പോള്‍ അഞ്ച് മാസത്തേക്ക് 1,50,000 രൂപയും കൂടി 9,50,000 രൂപ ബാധ്യത വരും. കടംവാങ്ങിയും പലചരക്ക് കടയിലും പച്ചക്കറി കടയിലും പറ്റ് വെച്ചും മറ്റ് രീതികളിലുമാണ് പല അധ്യാപകരും ഉച്ചഭക്ഷണ പരിപാടി മുടങ്ങാതെ നടത്തികൊണ്ട് പോകുന്നത്. അതേ സമയം പ്രശ്‌നം ഗുരുതരമായ സ്ഥിതിയില്‍ മുന്നോട്ടു പോകുമ്പോഴാണ്  ആഴ്ചയില്‍ രണ്ടു തവണ പപ്പായ, മുരിങ്ങയില, ചീര എന്നീ പച്ചക്കറിളും പാളയംകോടന്‍ പഴവും നല്‍കണമെന്നായിരുന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ പുതിയ നിര്‍ദ്ദേശം. അതായത് ഒരുകുട്ടിക്ക് ദിവസം തോറും രണ്ട് രൂപയുടെ പച്ചക്കറി നിര്‍ബന്ധമായി വിതരണം ചെയ്തിരിക്കണമെന്ന്. നിലവില്‍ എല്ലാ ദിവസവും ചോറ് കൂട്ട്കറി, പുഴുക്ക് എന്നിവയും ആഴ്ചയില്‍ രണ്ടു ദിവസം ഓരോ കുട്ടിക്കും 150 മില്ലി ലിററര്‍ തിളപ്പിച്ച് മധുരം ചേര്‍ത്തപാലും രണ്ട് ദിവസം പുഴുങ്ങിയ മുട്ടയോ അല്ലെങ്കില്‍ ഏത്തപ്പഴമോ നല്‍കണം. ഇവക്ക് പുറമെയാണിപ്പോള്‍ പുതിയ നിബന്ധനകള്‍ കൂടി സ്‌കൂള്‍ പ്രധാനാധ്യാപകരുടെ തലയില്‍ ഇടിത്തീവീഴ്ത്തിയത്. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നറിയാതെ നട്ടംതിരിയുകയാണ്  സ്‌കൂള്‍ പ്രധാനാധ്യാപകര്‍

RELATED STORIES

Share it
Top