ഫഌറ്റുകളും വീടുകളും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ കബളിപ്പിക്കുന്നെന്ന്

ഗുരുവായൂര്‍: ഗുരുവായൂരിലെ ചില ഫഌറ്റുകളും വീടുകളും ദിവസവാടകക്ക് നല്‍കി നിയവിരുദ്ധമായി പ്രവര്‍ത്തിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ സുരക്ഷാപരമായും വാണിജ്യപരമായും കബളിപ്പിക്കുന്നതായി ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പലതവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഗൗരവപരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. നാടിന്റെ സുരക്ഷയേപോലും അപകടപ്പെടുത്തുന്ന വിദേശികളടക്കം പേരും മേല്‍വിലാസവും ഇല്ലാതെ ഇവിടെ താവളമടിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ക്ഷേത്രനഗരിക്ക് ഭീഷണിയാണെന്നും ഇത്തരക്കാരെ കണ്ടെത്തി ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കൂടാതെ ഗുരുവായൂരില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരം അധികാരികള്‍ എത്രയുംപെട്ടെന്ന് കാണേണ്ട ആവശ്യകതയും ലോഡ്ജ് വ്യവസായത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും ഗുരുവായൂര്‍ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ രണ്ടുവിഷയങ്ങളിലും അധികാരികളുടെ അടിയന്തിരശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30-ന് സംഘടനയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ പടിഞ്ഞാറേനടയില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ, കേരളാ ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ ഉദ്ഘാടനം ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘടനാ പ്രസിഡണ്ട് ജി കെ പ്രകാശന്‍, ജോ: സെക്രട്ടറി പി കെ മോഹനന്‍, ഖജാഞ്ചി കെ കെ സദാനന്ദന്‍, അബൂബക്കര്‍ പനങ്ങായി, അമ്പാടി ബിജു, വി വി ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top