ഫഌറ്റില്‍ കണ്ടെത്തിയ വോട്ടര്‍ ഐഡികള്‍ ഒറിജിനല്‍ തന്നെ

ബംഗളൂരു: ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കിട്ടിയ 10000ത്തോളം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഒറിജിനല്‍ തന്നെയെന്നു കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. അടുത്ത ദിവസം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സാധ്യമാവുന്നവരെ പണം നല്‍കി സ്വാധീനിക്കുന്നതിന്റെ ഭാഗമായാവാം ഐഡി കാര്‍ഡുകള്‍ ശേഖരിച്ചതെന്നാണു കരുതുന്നത്.ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം ചളി വാരി എറിയാന്‍ ആരംഭിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരുപാര്‍ട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വിഷയത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തി.
എന്തിനാണ് കോണ്‍ഗ്രസ്സിന് വ്യാജ വോട്ടര്‍ ഐഡികള്‍, കോണ്‍ഗ്രസ് എന്താണു കര്‍ണാടകയില്‍ ചെയ്യാന്‍ ശ്രമിക്കുന്നത്- ഇതായിരുന്നു മോദിയുടെ ചോദ്യം. ബിജെപി നുണയുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള കോണ്‍ഗ്രസ്സിന്റെ മറുപടി.
അതേസമയം, വോട്ടര്‍ ഐഡികള്‍ ഒറിജിനലാണെന്നു വ്യക്തമായതോടെ പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ പൊളിഞ്ഞിരിക്കുകയാണ്. അതോടൊപ്പം വോട്ടര്‍ ഐഡി കണ്ടെത്തിയ ഫഌറ്റ് ബിജെപി ബന്ധമുള്ളവരുടേതാണെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്.
മന്‍ജുള നന്‍ജമാരി എന്നയാളുടെയും മകന്‍ ശ്രീധറിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഫഌറ്റ്. മന്‍ജുള നന്‍ജമാരി ബിജെപിയുടെ മുന്‍ കോര്‍പറേഷന്‍ അംഗമാണെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി ഇതു നിഷേധിച്ചിട്ടുണ്ടെങ്കിലും താന്‍ ബിജെപിയുടെ കോര്‍പറേഷന്‍ അംഗമായിരുന്നുവെന്ന കാര്യം മന്‍ജുളയും മകന്‍ ശ്രീധറും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.
കര്‍ണാടക ബിജെപി നേടും: അമിത് ഷാ

RELATED STORIES

Share it
Top