ഫഌയിങ് സ്‌ക്വാഡിനും ഹൈവേ പോലിസിനും ജോലിഭാരം കൂടുന്നു

കാസര്‍കോട്: ജില്ലയിലെ ഫ്‌ളെയിങ് സ്‌ക്വാഡിലേയും ഹൈവേ പോലിസിലേയും പോലിസുകാര്‍ക്ക് ജോലി ഭാരം കൂടുന്നു. ഇവര്‍ 12 മണിക്കുര്‍ ജോലിയെടുത്ത് തളരുന്നു. ജില്ലയില്‍ രണ്ട് ഹൈവേ പോലിസാണ് 24 മണിക്കുറും പ്രവര്‍ത്തിക്കുന്നത്. ഒന്ന് തലപ്പാടി മുതല്‍ പൊയിനാച്ചി വരേയും മറ്റൊന്ന് പൊയിനാച്ചി മുതല്‍ കാലിക്കടവ് വരെയുള്ള ഹൈവേകളിലാണ് പരിശോധന നടത്തുന്നത് ഇതില്‍ ജോലി ചെയ്യുന്ന എസ്‌ഐക്ക് പുറമേ രണ്ട് പോലിസുകാരും ഒരു ഡ്രൈവറുമാണ് ഉള്ളത്.
രാവിലെ എട്ട് മുതല്‍ ജോലിക്ക് കയറിയാല്‍ രാത്രി എട്ട് വരേ ജോലി ചെയ്യേണ്ടി വരുന്നു. മൂന്ന് ഷിഫ്റ്റ് വേണ്ടിടത്ത് രണ്ട് ഷിഫ്റ്റായാണ് ജോലി ചെയ്യുന്നത്. എസ്‌ഐമാര്‍ മൂന്ന് ഉള്ളതിനാല്‍ അവര്‍ക്ക് എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നില്ല. 10 ഫ്‌ളെയിങ് സ്‌ക്വാഡാണ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.
നഗരത്തിലും പരിസരങ്ങളിലും സദാസഞ്ചരിക്കുകയും സംശയം തോന്നിയാല്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന ഫ്‌ളെയിങ് സ്‌ക്വാഡില്‍ എസ്‌ഐ, ഡ്രൈവര്‍ അടക്കം നാല് പേര്‍ ജോലി ചെയ്യുന്നു. എസ്‌ഐ ഒഴിച്ച് ബാക്കിയുള്ളവര്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്നു. ഇവര്‍ക്ക് പിറ്റേന്ന് 24 മണിക്കൂര്‍ അവധി നല്‍കുന്നുണ്ടെങ്കിലും ഉറക്കകുറവും ചൂടും കാരണം പലര്‍ക്കും ശരിയായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ജില്ലയില്‍ രാത്രി കാലങ്ങളില്‍ ഹൈവേകളില്‍ നടക്കുന്ന പിടിച്ചുപറി തടയുക, അനധികൃത മണല്‍കടത്ത്, മറ്റു കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് പ്രധാനമായും ഇവര്‍ ചെയ്യുന്ന ജോലി. ഇതിന് പുറമേ സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് ജോലി ഭാരം ഇരട്ടിയാകുന്നു. വിശേഷ ദിവസങ്ങളില്‍ അവധിയെടുക്കാനോ കുടുംബത്തോടൊപ്പം കഴിയാനോ പലപ്പോഴും കഴിയാറില്ലെന്ന് ഇവര്‍ പറയുന്നു.

RELATED STORIES

Share it
Top