ഫഌക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞ് തരുവണ ബസ് കാത്തിരിപ്പ് കേന്ദ്രം

വെള്ളമുണ്ട: പാതകള്‍ മറക്കുന്ന വിധത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയും പ്ലാസ്റ്റിക് ഫളക്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും നിയമങ്ങള്‍ നിലനില്‍ക്കെ തരുവണയിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രം പരസ്യ ബോര്‍ഡുകളാല്‍ മൂടിയ നിലയില്‍. പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്തവരും മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി മുന്നിട്ടിറങ്ങിയവരും ഉള്‍പ്പെടെയുള്ള വിവധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും പരസ്യ ബോര്‍ഡുകളാണ് ടൗണിന്റെ ഹൃദയ ഭാഗത്ത് നിറഞ്ഞിരിക്കുന്നത്. ഇവിടെയുള്ള മരത്തില്‍ ആണിയടിച്ച് പിടിപ്പിച്ചും ഹൈമാസ് ലൈറ്റിനായി സ്ഥാപിച്ച തൂണുകളില്‍ വലിച്ചു കെട്ടിയുമാണ് പരസ്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറെതറ സെക്ഷന്‍ പല തവണ മുമ്പ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയിരുന്നെങ്കിലും ഓരോ സംഘടനകള്‍ വീണ്ടും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടൗണില്‍ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തിയതിനോടനുബന്ധിച്ച് മുഴുവന്‍ ബോര്‍ഡുകളും നീക്കം ചെയ്തിരുന്നു. എന്നാല്‍ സിപിഎം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച വീണ്ടും ബോര്‍ഡുകള്‍ സ്ഥാപിച്ചു. സ്ഥലത്ത് പാര്‍ട്ടിയുടെ സ്ഥിരം കൊടിമരം സ്ഥാപിക്കാനായി നിര്‍മാണപ്രവൃത്തിയും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നിലവില്‍ പരിചയമില്ലാത്ത ഒരാള്‍ തരുവണയിലെത്തിയാല്‍ പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ നിര്‍ത്തിയിടുന്ന സ്ഥലവും ബസ് കാത്തിരിക്കാനായി സ്വകാര്യ വ്യക്തി നിര്‍മിച്ച് നല്‍കിയ കാത്തിരിപ്പ് കേന്ദ്രവും കാണാന്‍ കഴിയാത്ത വിധം പരസ്യബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. ബസ് നിര്‍ത്തിയിടുന്ന ഭാഗങ്ങളില്‍ ബൈക്കുകുളുടെ അനധികൃത പാര്‍ക്കിംഗും വ്യാപകമാണ്.

RELATED STORIES

Share it
Top