പൗരാവകാശ സംരക്ഷണം എന്ന കടമ ഭരണകൂടം നിര്‍വഹിക്കുന്നില്ല: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പൗരാവകാശ സംരക്ഷണം എന്ന കടമ ഭരണകൂടം നിര്‍വഹിക്കുന്നില്ലെന്ന്് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണകൂടവും പൗരാവകാശവും തമ്മിലുള്ള ബന്ധം ഭരണസംവിധാനത്തെ തിരഞ്ഞെടുക്കുന്നതിലൂടെ അവസാനിക്കുന്നില്ല. പൗരന്റെ അവകാശ സംരക്ഷണത്തെയാണ് നാം തിരഞ്ഞെടുപ്പിലൂടെ ഭരണകൂടത്തെ ഏല്‍പ്പിക്കുന്നത്. എന്നാല്‍ ആ ധാരണ ഭരണകൂടത്തിനില്ല എന്നതാണ് ഇന്ന് നാം നേരിടുന്ന പ്രശ്‌നം. കേരള സാഹിത്യേല്‍സവത്തില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം അധികാരം നിയന്ത്രിക്കുന്നതിനു വേണ്ടി നിരവധി നിയമങ്ങള്‍ നിര്‍മിക്കുന്നു. എന്നാല്‍ അവയില്‍ പലതും ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതാണ്. അതിനായി കരിനിയമങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മനുഷ്യന്റെ അവകാശങ്ങളെ ലംഘിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ്. ഇതിനെ ചെറുക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നും പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്—നങ്ങളല്ല. താന്‍ ഉന്നയിച്ചതെല്ലാം രാജ്യത്തെ ഇടതുപക്ഷം ഉന്നയിച്ച ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഭൂരിപക്ഷ ഹിതമായി കാണുക എന്നതു തെറ്റായ ആശയമാണെന്ന് സാംസ്‌കാരിക ചിന്തകന്‍ ഡോ സുനില്‍ പി ഇളയിടം പറഞ്ഞു. ഇന്ന് സോഷ്യലിസം എന്നത് ഒരു അശ്ലീലം എന്ന നിലയിലേക്ക് മാധ്യമങ്ങളും സമൂഹവും കാണുന്ന സ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഇന്ന് സ്ത്രീകളേയും ന്യൂനപക്ഷങ്ങളേയും സംബന്ധിച്ചിടത്തോളം വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. വര്‍ഗീയ ജനാധിപത്യമാണ് ഇന്നുള്ളത്. ഉത്തേരേന്ത്യയില്‍ നടപ്പിലായി കഴിഞ്ഞു. ഇവിടെ അത് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top