പൗരാവകാശ പ്രവര്‍ത്തകന്‍ കെ പാനൂര്‍ അന്തരിച്ചു

പാനൂര്‍ (കണ്ണൂര്‍): പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും യുനെസ്‌കോ അവാര്‍ഡ് ജേതാവുമായ കെ പാനൂര്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകീട്ട് 4.30ന് പാനൂരിലെ വീട്ടുവളപ്പില്‍. കുഞ്ഞിരാമന്‍ പാനൂരാണ് കെ പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചു കൊണ്ട് കേരളത്തിലെ ആഫ്രിക്ക ഉള്‍പ്പെടെയുള്ള കൃതികള്‍ രചിച്ചത്.
റവന്യൂ വകുപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം അധികമാര്‍ക്കും താല്‍പര്യമില്ലാത്ത ആദിവാസിക്ഷേമ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കാന്‍ സ്വയം സന്നദ്ധനായി. ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക, സഹ്യന്റെ മക്കള്‍, ഹൃദയത്തിലെ ആദിവാസി, മലകള്‍ താഴ്‌വരകള്‍ മനുഷ്യര്‍ തുടങ്ങിയ കൃതികളും രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, രാമാശ്രമം അവാര്‍ഡ്, അബൂദബി ശക്തി പുരസ്‌കാരം എന്നിവയും ലഭിച്ചു.
ഡെപ്യൂട്ടി കലക്ടറായി വിരമിച്ചശേഷം മാഹി മലയാള കലാഗ്രാമം രജിസ്ട്രാറായി. മനുഷ്യാവകാശ ഏകോപന സമിതി(സിഎച്ച്ആര്‍ഒ)യുടെ പ്രഥമ പ്രസിഡന്റായിരുന്നു. ഭാര്യ: ഹീരാ ഭായ്. മക്കള്‍: ഹിരണ്‍ കുമാര്‍, ഹെല്‍ന, ഹരീഷ് ബാബു , ഹെമുലാല്‍. മരുമക്കള്‍: ജയകൃഷ്ണന്‍ , സബീന, ഷിജിന, സൗമ്യ. സഹോദരങ്ങള്‍: നാണി, പരേതരായ കൃഷ്ണന്‍ മാസ്റ്റര്‍, ബാലന്‍.

RELATED STORIES

Share it
Top