പൗരത്വ ബില്ല് അസമിലെ സമൂഹങ്ങളെ വിഭജിച്ചതായി ജെപിസി അംഗം

അഹ്മദാബാദ്: അസം പൗരത്വ ബില്ല് ബംഗാളികളുടെയും അസമികളുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെ ബാധിച്ചെന്നും സമൂഹത്തെ വിഭജിച്ചെന്നും അസം പൗരത്വ ബില്ല് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അംഗം സുഷ്മിത സെന്‍ പറഞ്ഞു.
അസമിലെ ജനങ്ങളുടെ വികാരമറിയാനായി ജെപിസി അംഗങ്ങള്‍ അസം സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന. ബ്രഹ്മപുത്ര താഴ്‌വരയിലുള്ള അധികപക്ഷ അസമികളും ഈ ബില്ല് നിരസിച്ചിരിക്കുകയാണ്. ബംഗാളി ഭൂരിപക്ഷമുള്ള ബറാക് താഴ്‌വാരത്തുള്ളവര്‍ മാത്രമാണ് ബില്ലിനെ അനുകൂലിക്കുന്നത്. എന്നാല്‍, ഈ വിഭജനം പുതിയതല്ലെന്നും മുമ്പ് അസം ആന്തോളന്‍ കാലത്തും ഇതുണ്ടായിരുന്നുവെന്നും സില്‍ചാറില്‍ നിന്നുള്ള എംപിയും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായ ദേവ് പറഞ്ഞു. ബ്രഹ്മപുത്ര തീരത്ത് വിദേശികള്‍ സ്ഥിരവാസമാരംഭിച്ചപ്പോഴാണ് അസമികള്‍ എന്ന വികാരത്തില്‍ ആളുകള്‍ ഒരുമിച്ചു കൂടിയതെന്നും അതേസമയം ബറാക്കില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നുമാണ് ദേവിന്റെ പക്ഷം.
പ്രശ്‌നങ്ങള്‍ അസമികളും ബംഗാളികളും പരസ്പരം വെറുക്കുന്നതുകൊണ്ടല്ലെന്നും ദേവ് വ്യക്തമാക്കി. രണ്ടു സമൂഹങ്ങളും അവരുടെ സംസ്‌കാരങ്ങളെയും വംശീയ ആചാരങ്ങളെയും നല്ല രീതിയില്‍ സ്‌നേഹിക്കു—ന്നവരും സംരക്ഷിക്കുന്നവരുമാണ്. രണ്ടു സമൂഹങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ ജീവിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ബില്ല് അതില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ദേവ് വ്യക്തമാക്കി. 1985ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ അസം കരാര്‍ പുനപ്പരിശോധിക്കാവുന്നതാണെന്നും അത് പരിശുദ്ധമായ ഒന്നല്ലെന്നും ദേവ് കൂട്ടിച്ചേര്‍ത്തു. ഭരണഘടന പോലും പലതവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ബില്ല് മാത്രമാണ്. പൗരത്വ ബില്ല് നിലവില്‍ വരുത്തിയത് ജനങ്ങളോട് സംസാരിക്കാതെയാണെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top