പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നല്‍കണമെന്ന് ശാസ്ത്രസംഘം

ഫ്‌ളോറിഡ: പ്ലൂട്ടോയ്ക്ക് നഷ്ടമായ ഗ്രഹപദവി തിരികെ നല്‍കണമെന്ന ആവശ്യവുമായി ഫ്‌ളോറിഡയിലെ ശാസ്ത്രജ്ഞര്‍. ഗ്രഹപദവി എടുത്തുകളയാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രബലമല്ലെന്നും തിരിച്ചുനല്‍കണമെന്നുമാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്ത്രസംഘം (മെസ്ഗര്‍) ആവശ്യപ്പെടുന്നത്. ഗ്രഹങ്ങള്‍ക്ക് പൊതുവായുണ്ടാവേണ്ട മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്നില്ലെന്നു കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2006ലാണ് പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ഗ്രഹത്തിന്റെ സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റു വസ്തുക്കള്‍ ഉണ്ടാവാന്‍ പാടില്ല. എന്നാല്‍, പ്ലൂട്ടോ ഈ മാനദണ്ഡം പാലിക്കുന്നില്ല. മാത്രമല്ല, പലപ്പോഴും തൊട്ടടുത്ത ഗ്രഹമായ നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിനുള്ളിലേക്ക് കടക്കാറുമുണ്ട്. എന്നാല്‍, മേല്‍പ്പറഞ്ഞ മാനദണ്ഡം 200 വര്‍ഷം പഴക്കമുള്ളതാണെന്നും മറ്റു വസ്തുക്കള്‍ ഉണ്ടാവാന്‍ പാടില്ല എന്ന കാര്യത്തിനു വ്യക്തതയില്ലെന്നും ഫ്‌ളോറിഡ സര്‍വകലാശാലയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഫിലിപ്പ് മെസ്ഗര്‍ പറഞ്ഞു. സ്വന്തം ഗുരുത്വബലത്താല്‍ ഗോളാകൃതി പ്രാപിക്കത്തക്ക വലുപ്പമുള്ള ആകാശഗോളങ്ങളെ ഗ്രഹങ്ങളായി നിര്‍വചിക്കണമെന്നും മെസ്ഗര്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ ഇന്ന് ശാസ്ത്രലോകം ഗ്രഹമെന്നു പറയുന്ന ആകാശ ഗോളങ്ങളില്‍ പലതിനും ആ പദവി നഷ്ടപ്പെടുമെന്നും മെസ്ഗര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷ ഘടനയാലും ജൈവിക സംയുക്തങ്ങളാലും ചൊവ്വയേക്കാള്‍ പരിവര്‍ത്തനാത്മകമായ പ്ലൂട്ടോ തീര്‍ച്ചയായും ഗ്രഹപദവി അര്‍ഹിക്കുന്നു- മെസ്ഗര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top