പ്ലാസ്റ്റിക് സഞ്ചി നിരോധനം: കടകളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന

കണ്ണൂര്‍: പ്ലാസ്റ്റിക് കാരിബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, ഹാജി റോഡ്, മുനീശ്വരന്‍ കോവില്‍ റോഡ് എന്നിവിടങ്ങളിലെ കടകളിലായിരുന്നു റെയ്ഡ്. വന്‍തോതില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഗോഡൗണില്‍ സൂക്ഷിച്ച നമിത പ്ലാസ്റ്റിക്‌സ് എന്ന കടയും പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ച ഗോഡൗണും അടച്ചുപൂട്ടി സീല്‍ചെയ്തു. ഇവയുടെ ലൈസന്‍സ് റദ്ദാക്കി. 50 മൈക്രോണില്‍ കുറവുള്ള സഞ്ചികളടക്കം 236 കിലോ പ്ലാസ്റ്റിക് കാരിബാഗുകളാണ് പിടിച്ചെടുത്തത്. ഇതിനു പുറമെ, പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും പ്ലാസ്റ്റിക് സഞ്ചികള്‍ വിതരണം ചെയ്ത പുതിയതെരുവിലെ അപ്പൂസ് ബേക്കറിയുടെയും ലൈസന്‍സ് റദ്ദാക്കി. കണ്ണൂര്‍ നഗരത്തിലെ രണ്ടു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ചെറിയ അളവില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണു നടപടി. ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരി, കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എം ഗിരീശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ പി രഞ്ജിത്ത് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കണ്ണൂരിനെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ചിലര്‍ നിരോധനം ലംഘിക്കുന്നതു തുടരുകയാണ്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഹരിതകേരള മിഷന്‍ യോഗം തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top