പ്ലാസ്റ്റിക് സംസ്‌കരണത്തിലെ മലപ്പുറം മാതൃക

മലപ്പുറം: പ്ലാസ്റ്റിക് സംസ്‌കരണത്തിലെ മലപ്പുറം മാതൃക കൈയ്യടി നേടുന്നു. മലപ്പുറം നഗരസഭ ഓഫിസ് അങ്കണത്തില്‍ സ്ഥാപിച്ച ഖനി എംആര്‍എഫ് കേന്ദ്രം സന്ദര്‍ശിച്ച് തങ്ങളുടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ നിരവധി ഭരണസമിതിയും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ദിനംപ്രതി എത്തുന്നത്. നഗരസഭ സൗജന്യമായി നല്‍കിയ ചണ ബാഗുകളില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ഉറകളും മറ്റും മാസം തോറും നഗരസഭയുടെ വാഹനത്തില്‍ ഖനിയിലെത്തിക്കുകയാണ്.
ഇവിടെ വച്ച് സംസ്‌കരിച്ച പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനിക്ക് വില്‍ക്കും. ഒരു കിലോഗ്രാമിന് 17 രൂപയ്ക്കാണ് വില്‍പന. വിവിധ അവലോകന യോഗങ്ങളില്‍ മന്ത്രി ഡോ. കെ ടി ജലീല്‍ മലപ്പുറം നഗരസഭയെ അഭിനന്ദിക്കുകയും കഴിയുമെങ്കില്‍ സന്ദര്‍ശനം നടത്തണമെന്നു അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ തെന്നല പഞ്ചായത്തില്‍ നിന്നുള്ള മെംബര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഖനി സന്ദര്‍ശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ എം പി കുഞ്ഞിമൊയ്തീന്‍, വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല പ്രവര്‍ത്തനം വിശദീകരിച്ചു നല്‍കി. പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി എ സലീം എന്ന ബാപ്പുട്ടി, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ കെ മുസ്തഫ, സെക്രട്ടറി എന്‍ കെ കൃഷ്ണകുമാര്‍, സിഡിഎസ് പ്രസിഡന്റുമാരായ വി കെ ജമീല, ഖദീജ പന്തലാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.

RELATED STORIES

Share it
Top