പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാവുന്നു

പൂച്ചാക്കല്‍:  തൈക്കാട്ടുശേരി ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാവുന്നു. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേകവല ശുദ്ധജല വിതരണ ശാലക്ക് സമീപമാണ് നിര്‍മ്മാണം നടക്കുന്നത്.
വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ ശേഖരിച്ച് സംഭരണ കേന്ദ്രത്തിലെത്തിക്കുകയും ഇത് തരംതിരിച്ചു സംസ്‌കരണത്തിനായി ക്ലീന്‍ കേരള മിഷന് കൈമാറുന്നതുമാണ് പദ്ധതി. പ്ലാസ്റ്റിക് സംഭരണത്തിന് വീടുകളില്‍ നിന്നു പ്രതിമാസം 30 രൂപയും കടകളില്‍ നിന്നും 50 രൂപയും ഈടാക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മസേന രൂപികരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണ ചെലവ്. ഇതിന്റെ 75ശതമാനം ശുചിത്വമിഷനും ബാക്കി ഗ്രാമപഞ്ചായത്തുമാണ് വഹിക്കുന്നത്. അതേസമയം ഏതുസമയവും തകര്‍ന്നു വീഴാവുന്ന പഴയ ജല സംഭരണിയ്ക്കു സമീപം കെട്ടിടം നിര്‍മിച്ചതില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ളതും ഉപയോഗമില്ലാത്തും ഭൂരിഭാഗവും നശിച്ചതുമായ ജലസംഭരണിയാണ് സമീപത്തുള്ളത്. അവിടെയാണ് കൂടുതലും വനിതകള്‍ ജോലി ചെയ്യേണ്ടി വരുന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം.
ഇവിടം തൈക്കാട്ടുശേരി ഗ്രാമപ്പഞ്ചായത്ത് ബസ്‌ടെര്‍മിനലിനു പദ്ധതിയിട്ട സ്ഥലവുമാണ്. ബസ് ടെര്‍മിനലിനു നിലവിലുള്ള സ്ഥലം തികയാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം. അപകടാവസ്ഥയിലായ ജല സംഭരണി പൊളിച്ചു നീക്കുന്നതിന് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അധീകൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top