പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചത് മാതൃകാപരം: രമേശ് ചെന്നിത്ത

ലമാള: ഷ്രഡിങ് മെഷീന്‍ ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിച്ച് റോഡ് നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തിയതിലൂടെ കേരളത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് അന്നമനട ഗ്രാമപ്പഞ്ചായത്ത് മാതൃകയായി തീര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നമനട ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികാഘോഷവും വിവിധ നാമകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും എങ്കില്‍ മാത്രമേ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാവൂവന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തങ്കണത്തില്‍ നടന്ന  വാര്‍ഷികാഘോഷത്തില്‍ കെ കരുണാകരന്‍ സ്മൃതി മണ്ഡപത്തിന്റെയും മാമ്പ്രക്കടവ് പിഎച്ച്‌സി സബ്ബ് സെന്ററിന്റെയും ഉദ്ഘാടനവും ബസ് സ്റ്റാന്റിന്റെയും പഞ്ചായത്ത് ഹാളിന്റെയും നാമകരണവും ചെന്നിത്തല നിര്‍വഹിച്ചു.
ബസ്സ്റ്റാന്‍ഡിന് രാജീവ് ഗാന്ധിയുടെയും പഞ്ചായത്ത് ഹാളിന് ഇന്ദിരാ പ്രിയദര്‍ശിനിയുടെയും പേരുകളാണ് നല്‍കിയത്. സ്‌റ്റേഡിയത്തിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തിലുള്ള പുതിയ ഗാലറിയുടെ ഉദ്ഘാടനവും സ്റ്റേഡിയം നാമകരണവും മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ നിര്‍മല്‍ സി പാത്താടന്‍, ഷീബ പോള്‍, വി എ അബ്ദുല്‍ കരീം, പി ഒ പൗലോസ്, പി ഐ ജോര്‍ജ്, അഡ്വ പോളി ആന്റണി, സി ഡി രാജന്‍ മാഷ്, പി കെ നൗഷാദ്, പി കെ സിദ്ധീഖ്, അന്നമനട സ്റ്റീഫന്‍ സംസാരിച്ചു.

RELATED STORIES

Share it
Top