പ്ലാസ്റ്റിക് പൈപ്പിനുള്ളിലെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

കുറ്റിയാടി: അമ്പലകുളങ്ങര നെട്ടൂര്‍ റോഡിന്ന് സമീപത്തെ പാഴ് വസ്തു കടയില്‍ പ്ലാസ്റ്റിക് പൈപ്പിനുള്ളിലെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു യുവാവിന് ഗുരുതര പരിക്ക്. തമിഴ്‌നാട് വില്‍പുരം ജില്ലയിലെ പെരുമംഗളം സ്വദേശി രാഹുലിനെ (19) കുറ്റിയാടി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കടയിലെ പ്ലാസ്റ്റിക് പൈപ്പുകള്‍ എടുത്ത് മാറ്റി വയ്ക്കുന്നതിനിടയില്‍ ഭാരക്കൂടുതല്‍ തോന്നിയ പൈപ്പ് തൊട്ടടുത്ത കരിങ്കല്ലില്‍ തട്ടി നോക്കിയപ്പോഴായിരുന്നു ശക്തമായ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. ഇടത് കൈപത്തിക്കും വലത് കൈക്കും മുഖത്തും സാരമായി പരിക്കേറ്റ രാഹുലിനെ നാട്ടുകാര്‍ കുറ്റിയാടി ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന രാഹുലിന്റെ സഹോദരനായ ശക്തിവേലിന്റെ വയറിനും കാലിനും ചീളുകള്‍ തെറിച്ചു പരിക്കേറ്റു. മറെറാരു സഹോദരനായ സെന്തില്‍ രക്ഷപെടുകയായിരുന്നു.
ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി അച്ഛന്‍ ഗാന്ധിയും അമ്മ സുമതിയും സഹോദരങ്ങളും ഇവര്‍ ജോലി ചെയ്തിരുന്ന കടയ്ക്ക് സമീപത്തായിരുന്നു താമസിച്ചു വന്നത്. സ്‌ഫോടന സമയത്ത് രാഹുലിന്റെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവസ്ഥലം വടകരയില്‍ നിന്ന് എത്തിയ ബോംബുസ്‌കോഡും കൊയിലാണ്ടിയി ല്‍ നിന്നെത്തിയ ഡോഗ് സ്‌കോഡും പരിശോധിച്ചു. നാദാപുരം ഡിവൈഎസ്പി വി കെ രാജു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷാജി, കുറ്റിയാടി സിഐ എന്‍ സുനില്‍കുമാര്‍, കുറ്റിയാടി എസ്‌ഐ പി സി ഹരീഷ്, എസ്‌ഐ രാംകുമാര്‍ പി സ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top