പ്ലാസ്റ്റിക് ചാക്കുകളിലാക്കി ആശുപത്രി മാലിന്യങ്ങള്‍ തള്ളി

ഇരവിപുരം: റെയില്‍വെ ലൈനിന് സമീപം പ്ലാസ്റ്റിക് ചാക്കുകളിലാക്കി ആശുപത്രി മാലിന്യങ്ങള്‍ കൊണ്ടു തള്ളിയത് നാട്ടുകാരുടെയും ട്രെയിന്‍ യാത്രക്കാരുടെയും പ്രതിഷേധത്തിന് കാരണമാക്കി. ഇരവിപുരം റെയില്‍വെ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പ്ലാറ്റ്‌ഫോം അവസാനിക്കുന്ന ഭാഗത്താണ് മൂന്ന് വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത്. ഓപറേഷന് ഉപയോഗിക്കുന്ന സാധനങ്ങളും സിറിഞ്ചുകളും ബ്ലെയിഡുകളും മറ്റ് ഉപയോഗശൂന്യമായ ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ആശുപത്രിയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്തവരാകാം മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നു തള്ളിയതെന്നാണ് വിവരം. ആശുപത്രി മാലിന്യങ്ങളൊടൊപ്പം ചില പാഴ്‌വസ്തുക്കളും കാണപ്പെട്ടതിനാലാണ് മാലിന്യങ്ങള്‍ നീക്കാന്‍ കരാറെടുത്തവരാണ് ഇത് ഇവിടെ കൊണ്ടുവന്നു തള്ളിയതെന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്തുവാന്‍ കാരണമാക്കിയത്. രാവിലെ ട്രെയിനില്‍ കയറാനെത്തിയവര്‍ പ്ലാറ്റ്‌ഫോമിന് സമീപം ബ്ലെയിഡുകളും സിറിഞ്ചുകളും കിടന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആശുപത്രി മാലിന്യങ്ങള്‍ റെയില്‍വെ ലൈനിനടുത്ത് പ്ലാറ്റ്‌ഫോമിന് സമീപം നിക്ഷേപിച്ചവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇവരെ അടിയന്തരമായി കണ്ടെത്തുവാന്‍ പോലിസ് തയ്യാറാകണമെന്നും പ്രോഗ്രസ്സീവ് ആക്ഷന്‍ കൗണ്‍സില്‍ ഇരവിപുരം ഭാരവാഹികളായ കൊല്ലൂര്‍വിള സുനില്‍ ഷാ, പത്മകുമാര്‍, ഹാഷിം രാജാ എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top