പ്ലാസ്റ്റിക്കിന് ഗുഡ് ബൈ പറയാനൊരുങ്ങി പന്മന മനയില്‍ എല്‍ പി സ്‌കൂള്‍

ചവറ: പ്ലാസ്റ്റിക്കിന് ഗുഡ് ബൈ പറയാനൊരുങ്ങുകയാണ്  പന്മന മനയില്‍ എല്‍ പി സ്‌കൂള്‍. പ്രകൃതിയെ സംരക്ഷിക്കാന്‍ കരുതലോടെ എന്ന സന്ദേശമുയര്‍ത്തി പന്മന ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുകയാണ് അധികൃതര്‍.
കഴിഞ്ഞ വര്‍ഷം കുപ്പിവെള്ള രഹിത സ്‌കൂളാക്കി വിദ്യാലയത്തെ പ്രഖ്യാപിച്ചതോടെയാണ് പ്ലാസ്റ്റിക്കിനെതിരേയുള്ള കാംപയിന്‍ സ്‌കൂള്‍ ഏറ്റെടുത്തത്. ഓരോ ക്ലാസ് മുറികള്‍ക്ക് മുന്നിലും പ്ലാസ്റ്റിക്ക് ശേഖരണത്തിനായി ക്യാരി ബാഗുകള്‍ സ്ഥാപിച്ചു. രക്ഷകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും ബോധവല്‍ക്കരണം നല്‍കി പരിസ്ഥിതി സംരക്ഷണ നോട്ടീസുകള്‍ വിതരണം ചെയ്തു.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉപയോഗരഹിതമായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു. രക്ഷകര്‍ത്താക്കള്‍ക്ക്  നല്‍കിയ ബോധവല്‍ക്കരണത്തില്‍ 7000 ത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് കഴുകി വൃത്തിയാക്കി കുട്ടികള്‍ സ്‌കൂളിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇത് പ്ലാസ്റ്റിക് പുനര്‍നിര്‍മാണ കമ്പനിക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.
വരും വര്‍ഷം പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം സ്‌കൂള്‍ തന്നെ തയ്യാറാക്കുന്ന തുണി ബാഗുകള്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഗുഡ് ബൈ പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് എന്‍ വിജയന്‍ പിള്ള എം എല്‍ എ നിര്‍വഹിക്കും. ഹരിത കേരള മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സന്‍ ടി എന്‍ സീമ മുഖ്യാതിഥിയാകും. കുപ്പി ശേഖരണ പദ്ധതി ഉദ്ഘാടനം ജില്ലാ കലക്ടര്‍ കാര്‍ത്തികേയന്‍ നിര്‍വഹിക്കുമെന്ന് വാര്‍ഡ് മെംബര്‍ അഹമ്മദ് മന്‍സൂര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ കെ ആനന്ദ് കുമാര്‍, പ്രധാനാധ്യാപിക എം ജയശ്രീ, സ്റ്റാഫ് സെക്രട്ടറി കോളിന്‍സ് ചാക്കോ, കോര്‍ഡിനേറ്റര്‍മാരായ വീണാറാണി, ഹഫ്‌സത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top