പ്ലാവില്‍ കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേനയും നാട്ടുകാരും രക്ഷപ്പെടുത്തി

നെടുമ്പാശ്ശേരി: ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് പ്ലാവില്‍ കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേനയും നാട്ടുകാരും സാഹസികമായി രക്ഷപ്പെടുത്തി. കുന്നുകര തെക്കേ അടുവാശ്ശേരി മേനാച്ചേരി വീട്ടില്‍ അലിയാരുടെ മകന്‍ അമീറാണ് (36) ഇന്നലെ ഉച്ചയോടെ 30 അടിയോളം ഉയരമുള്ള, വീട്ടുമുറ്റത്തെ പ്ലാവില്‍ കുടുങ്ങിയത്. ട്രസ് വര്‍ക്കറാണ് അമീര്‍.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ ഒടിഞ്ഞു തൂങ്ങി കിടന്നിരുന്നപ്ലാവിന്റെ ശിഖിരങ്ങള്‍ വെട്ടിമാറ്റാന്‍ കയറിയതായിരുന്നു. അടിഭാഗം മുതലുള്ള ചില്ലകള്‍ വെട്ടിമാറ്റി മുകളിലെ കൊമ്പില്‍ കയറി ഇരുന്നതോടെയാണ് രക്തസമ്മര്‍ദ്ദം കുറയുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്തത്. തലചുറ്റുന്ന കാര്യം അമീര്‍ താഴെ നിന്ന ഭാര്യയോട് വിളിച്ച് പറയുകയും പ്ലാവില്‍ ചുറ്റിപ്പിടിച്ച് ഇരിക്കുകയും ചെയ്തു. വീട്ടുകാരുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അപകടരഹിതമായി താഴെ ഇറക്കാന്‍ പല മാര്‍ഗങ്ങളും നോക്കിയെങ്കിലും എല്ലാ ശ്രമവും വിഫലമായി. ഇതിനിടെ പ്ലാവില്‍ കയറിയ അയല്‍വാസിയായ വല്ലേലില്‍ ബാവക്കുഞ്ഞ് വടം ഉപയോഗിച്ച് അമീറിനെ പ്ലാവിനോട് ചേര്‍ത്ത് കെട്ടി താങ്ങി നിര്‍ത്തുകയായിരുന്നു.
അപ്പോഴേക്കും സക്കീറും സഹായത്തിനെത്തി. ഇതിനിടെ അമീര്‍ അര്‍ധബോധാവസ്ഥയിലായത് വീട്ടുകാരെയും രക്ഷാപ്രവര്‍ത്തകരെയും ആശങ്കയിലാക്കി. അപ്പോഴേക്കും നാട്ടുകാര്‍ അറിയിച്ച പ്രകാരം അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി എന്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവും എത്തി.
ഉയരമുള്ള കോണി ഉപയോഗിച്ച് മുകളില്‍ കയറിയെങ്കിലും പ്ലാവിന്റെ കൊമ്പില്‍ തളര്‍ന്ന് കിടന്ന അമീറിനെ ഉയര്‍ത്താന്‍ നടത്തിയ ആദ്യ ശ്രമം വിജയിച്ചില്ല. പിന്നീട് മിനിറ്റുകള്‍ക്കകം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനമാണ് അരങ്ങേറിയത്. കസേരയില്‍ ഇരുത്തി ഊര്‍ത്തി ഇറക്കുന്ന വിധത്തില്‍ രണ്ട് തോളുകളിലും ചെയര്‍നോട്ട് റോപ്പ് കെട്ടി സാഹസികമായി താഴെ ഇറക്കുകയായിരുന്നു. താഴെ എത്തിച്ചയുടന്‍ സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ ചാലാക്കല്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. പ്രാഥമിക ചികില്‍സകള്‍ക്ക് ശേഷം അമീര്‍ സുഖം പ്രാപിച്ചു വരുന്നു. ലീഡിങ് ഫയര്‍മാന്‍മാരായ പി വി പൗലോസ്, ബിജു ആന്റണി, ഫയര്‍മാന്‍ െ്രെഡവര്‍ പി എ സജാദ്, ഫയര്‍മാന്‍മാരായ പി ഒ വര്‍ഗീസ്, റെജി സി വാര്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

RELATED STORIES

Share it
Top