പ്ലാവിന്‍തൈകള്‍ നടാനുള്ള ഒരുക്കം സജീവം

നെന്മാറ: ചക്ക സംസ്ഥാന ഫലമായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ജൂണ്‍ അഞ്ചിന് സ്‌കൂളുകളില്‍ പ്ലാവിന്‍തൈകള്‍ നടാനുള്ള ഒരുക്കം സജീവം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സ്‌കൗട്ട്‌സ്, വിദ്യാര്‍ഥി പോലീസ്‌കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവ ചേര്‍ന്ന് 60 ലക്ഷം ഫലവൃക്ഷതൈകളാണ് ഒരുക്കുന്നത്.
അഞ്ചിനു മുമ്പ് ഇവ സ്‌കൂളുകളിലെത്തിക്കും. ഇതു കൂടാതെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നാലു ലക്ഷം തൈകള്‍ ഒരുക്കുന്നുണ്ട്. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ  14 നഴ്‌സറികളിലാണ് തൈകള്‍ തയ്യാറാക്കുന്നത്. 2017 ല്‍ മൂന്നര ലക്ഷം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ചന്ദനം, രക്തചന്ദനം, പേര, പൂവരശ്ശ്, മാതളം, പുളി, ഉങ്ങ്, മഹാഗണി, മണിമരുത്, താന്നി, കൊന്ന, കുമിഴ്, സീതപ്പഴം, കുവളം, വേങ്ങ, അമ്പഴം, ലക്ഷ്മി തരു എന്നിവയും ചില നെഴ്‌സറികളില്‍ തുളസി,ആര്യവേപ്പ്, തുടങ്ങിയ ഔഷധ്യച്ചെടികളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭ, സ്‌കൂളുകള്‍, രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, രജിസ്‌ട്രേഡ് ക്ലബ്ബുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവക്കും തൈകള്‍  വിതരണം ചെയ്യും.

RELATED STORIES

Share it
Top