പ്ലാനറ്റോറിയം വികസനം: സര്‍ക്കാര്‍ സഹായിക്കും- മുഖ്യമന്ത്രി

കോഴിക്കോട്: റീജിണല്‍ സയന്‍സ് സെന്ററും പ്ലാനറ്റോറിയവും വികസിപ്പിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്ററില്‍ സമുദ്രഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാലത്തിനും ലോകത്തിനും പിന്നിലാകാതിരിക്കാന്‍ ശാസ്ത്രകാര്യങ്ങളില്‍ കൂടുതല്‍ അറിവുണ്ടാവണം. ഇതിന് ശാസ്ത്രസാങ്കേതിക രംഗത്തെ വികസനം അനിവാര്യമാണ്. ഒമാന്‍ കടലില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ മരണ വളയം ഒരു ദുരന്തസാധ്യതയാണ്. ഇത്തരത്തില്‍ നിരവധി നിഗൂഢതകള്‍ കടലിലുണ്ട്.
ജിജ്ഞാസ ഉണര്‍ത്തുന്നതാണ് സമുദ്രഗ്യാലറി. ശാസ്ത്രബോധവും നന്നായി വളര്‍ത്തിയെടുക്കേണ്ട കാലമാണിത്. കെട്ടുകഥയെ ശാസ്ത്രസത്യങ്ങളായി ചില ശാസ്ത്രജ്ഞര്‍ പോലും പ്രചരിപ്പിക്കുമ്പോള്‍ നമ്മള്‍ പുറകോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നെഹ്രു സയന്‍സ് സെന്റര്‍ ഡയറക്ടര്‍ എസ് എം ഖെന്നഡ്, വി എസ് രാമചന്ദ്ര സംസാരിച്ചു. നിരവധി പ്രവര്‍ത്തന മാതൃകളും പാനലുകളും കടല്‍ ജീവികളുടെ പതിപ്പുകളും നിശ്ചലമാതൃകകളും ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, 3 ഡിടിവികള്‍ തുടങ്ങിയവയുംകൊണ്ട് ആകര്‍ഷകമാണ് സമുദ്രഗാലറി. സമുദ്രത്തെ സംബന്ധിച്ച ഒട്ടനവധി പ്രതിഭാസങ്ങളെ ലളിതമായി അവതരിപ്പിക്കുന്നു.
കടലിന്റെ അടിത്തട്ടിലുള്ള ഓഷ്യാനിക് പ്ലെയ്റ്റുകള്‍ എപ്രകാരമാണ് നമ്മുടെ ഭൂമിയെ സ്വാധീനിക്കുന്നതെന്നും സുനാമി സിമുലേറ്റര്‍ വ്യക്തമാക്കുന്നു. സുനാമിയെ സംബന്ധിക്കുന്ന ഹൈഡെഫ്‌നിഷന്‍ വീഡിയോകള്‍ പ്രദര്‍ശിനിയ്ക്കു മുകളിലുള്ള സ്‌ക്രീനില്‍ കാണാം. സമുദ്രഗ്യാലറി പ്രദര്‍ശനം മുഖ്യമന്ത്രി വീക്ഷിച്ചു.

RELATED STORIES

Share it
Top