പ്ലാനറ്റേറിയത്തില്‍ സൗകര്യം ഒരുക്കിയില്ല;ഗ്രഹണം കാണാനെത്തിയവര്‍ക്ക് ഗ്രഹപ്പിഴ

കോഴിക്കോട്: ഈ നൂറ്റാണ്ടിന്റെ ചന്ദ്രഗ്രഹണം കാണാന്‍ കോഴിക്കോട്ടെ പ്ലാനറ്റേറിയത്തില്‍ എത്തിയവര്‍ക്ക് ഗ്രഹപ്പിഴ. 152 വര്‍ഷത്തിനു ശേഷം നടക്കുന്ന അപൂര്‍വ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്ലാനറ്റേറിയം അധികൃതര്‍ ആകാശ നീരീക്ഷകരെ സ്വാഗതം ചെയ്തുകൊണ്ട് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. വാര്‍ത്ത വായിച്ച് കുടുംബത്തേയും കൊണ്ട് പ്ലാനറ്റേറിയത്തില്‍ എത്തിയവര്‍ തങ്ങളുടെ ഗ്രഹപ്പിഴ ഓര്‍ത്ത് തലയില്‍ കൈവച്ചിരുന്നുപോയി. കാരണം, ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് പ്രത്യേകമായ ഒരു സംവിധാനവും അവിടെ ഒരുക്കിയിരുന്നില്ല. ആധുനിക വാനനിരീക്ഷണ സംവിധാനങ്ങളുള്ള പ്ലാനറ്റേറിയത്തില്‍ നിന്ന്് ഏറ്റവും അടുത്ത ദൂരത്തില്‍ ഗ്രഹണം കാണാമെന്ന മോഹവും പൊതിഞ്ഞുകെട്ടി ജില്ലയുടെ വിദൂരദിക്കില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. പ്രത്യേക സംവിധാനങ്ങള്‍ ഒന്നുമില്ലെന്നറിഞ്ഞ്്് നൂറ്കണക്കിന് വാനനിരീക്ഷണ മോഹികള്‍ പ്ലാനറ്റേറിയത്തിനു മുന്നില്‍ അന്തം വിട്ട് ആകാശം നോക്കി നില്‍പ്പായി.ഉറക്കത്തില്‍ നിന്നുണര്‍ത്തി അത്താഴമില്ലെന്നു പറഞ്ഞ പോലെയായല്ലോ എന്ന് പരിഭവിച്ചവരോട് അധികൃതര്‍ പറഞ്ഞ മറുപടിയാണ് ഗ്രഹണത്തേക്കാള്‍ അടിപൊളിയായത്്. ഗ്രഹണം കണ്ണുകൊണ്ട് കാണാമല്ലോ, മുകളിലേക്കു നോക്കൂ, ഒന്നും സംഭവിക്കില്ല എന്നായിരുന്നു മറുപടി. കണ്ണുകൊണ്ട് മാത്രം കാണാനായിരുന്നെങ്കില്‍ പ്ലാനറ്റേറിയത്തിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ലല്ലോ, കുറച്ചുകൂടി അടുത്തുകാണാനുള്ള സൗകര്യം ഒരുക്കാതെ എന്തിനാണ് പൊതുജനങ്ങളെ വിളിച്ചുവരുത്തിയത് എന്നു ചിലര്‍ പരിഭവപ്പെട്ടപ്പോള്‍ പ്ലാനറ്റേറിയം ജീവനക്കാരുടെ മുഖത്ത് കറുത്തവാവ്. ഏറെ പ്രതീക്ഷയോടെ ഈ ജന്‍മത്തിലെ ആദ്യത്തേതും അവസാനത്തേതുമായ ചന്ദ്രഗഹണം കാണാനെത്തിയവരുടെ ഗ്രഹനില ശരിയല്ലെന്ന് ആരോ വിളിച്ചുപറഞ്ഞത് സങ്കടത്തിനിടയിലും ചിരിപടര്‍ത്തി. പിന്നെ, ഓട്ടോ പിടിച്ച് ബീച്ചിലേക്കുള്ള ഓട്ടമായി.

RELATED STORIES

Share it
Top