പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവും

തൃശൂര്‍: ജില്ലയില്‍ സ്‌കൂളുകളില്‍ പ്ലസ് വണ്ണിന് ഇത്തവണ സീറ്റുകള്‍ വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാകും. സയന്‍സിന് ഇത്തവണ എണ്ണായിരത്തോളം സീറ്റുകളാണുള്ളത്.
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ 202 സ്‌കൂളുകളിലായി 37,750 സീറ്റുകളാണ് ഉള്ളത്. ഇത്തവണ 35,903 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ ഉള്ളതിനാല്‍ ഇതര ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് പ്രവേശനം നേടിയത് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. ഈ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പല സ്‌കൂളിലും പ്ലസ് വണിന് സീറ്റ് കൂട്ടി നല്‍കിയതോടെയാണ് സീറ്റ് പ്രശ്‌നത്തിന് പരിഹാരമായത്. സയന്‍സ് വിഭാഗത്തിന് എണ്ണായിരം സീറ്റും കൊമേഴ്‌സിന് 11,000 സീറ്റും ഹ്യൂമാനിസ്റ്റിന് 18,500 സീറ്റുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്ലസ് വണിന് സ്‌പോര്‍ട്‌സ് ക്വാട്ടയടക്കം 13,260 സീറ്റാണ് ഉള്ളത്.
96 എയ്ഡഡ് സ്‌കൂളുകളിലായി 19,980 സീറ്റും 33 അണ്‍ എയ്ഡഡ് സൂകളുകളിലായി 4510 സീറ്റുമാണുള്ളത്. പ്ലസ് വണിന്റെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 1ന് നടക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. മെയ് 18 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതിയതി.

RELATED STORIES

Share it
Top