പ്ലസ് വണ്‍ പ്രവേശനം : സിബിഎസ്ഇകാര്‍ക്ക് മൂന്ന്ദിനങ്ങള്‍ കൂടി അനുവദിക്കണംകൊച്ചി: സിബിഎസ്ഇ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ഫലം വന്നശേഷം മൂന്നു പ്രവൃത്തി ദിനങ്ങള്‍ കൂടി അനുവദിക്കണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരമൊരുക്കാനായി പ്ലസ്‌വണ്‍ അപേക്ഷാ തിയ്യതി നീട്ടിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന അന്നുള്‍പ്പെടെ മൂന്ന് പ്രവൃത്തിദിവസങ്ങള്‍ അനുവദിക്കാനാണു നിര്‍ദേശം.പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ മെയ് 22 വരെയാണ് സര്‍ക്കാര്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍, ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാവുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലെയും പിടിഎ പ്രസിഡന്റുമാര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് അപേക്ഷ നല്‍കാനുള്ള തിയ്യതി ജൂണ്‍ 5 വരെ നീട്ടി. ഇതിനെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.തിയ്യതി നീട്ടിനല്‍കുന്നത് പ്രവേശന നടപടികളെ മാത്രമല്ല, ക്ലാസ് തുടങ്ങുന്നതിനെയും അധ്യയനദിവസങ്ങളെയും ബാധിക്കുമെന്നു സര്‍ക്കാര്‍ വാദിച്ചു. ഇതു ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മൂന്നാഴ്ചയോളം പ്രവേശന നടപടികള്‍ വൈകുന്നത് കാര്യമായ പ്രശ്‌നം ഉണ്ടാക്കില്ലെന്നും ഇതിന്റെ പേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു. സംസ്ഥാന-സിബിഎസ്ഇ സിലബസുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്ലസ്‌വണ്‍ പ്രവേശനകാര്യത്തില്‍ വിവേചനം കാട്ടുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി മൂന്ന് പ്രവൃത്തിദിനങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

RELATED STORIES

Share it
Top