പ്ലസ് വണ്‍ പ്രവേശനംസര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: കെഎസ്ടിയു

മലപ്പുറം: എസ്എസ്എല്‍സി വിജയശതമാനം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 1,22,000 വിദ്യാര്‍ഥികള്‍ പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോള്‍ സീറ്റുകള്‍ അധികമാണെന്നും 10 ശതമാനം മാത്രമേ വര്‍ധിപ്പിക്കുകയുള്ളുവെന്നുമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തികച്ചും പരിഹാസ്യമാണ്. സര്‍ക്കാര്‍ നിലപാട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പീഡിപ്പിക്കുകയാണെന്ന് പ്രസിഡന്റ് എ കെ സൈനുദ്ദീനും ജനറല്‍ സെക്രട്ടറി വി കെ മൂസയും പറഞ്ഞു. രണ്ടാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോഴും ഒമ്പതും പത്തും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കുകയാണ്.
മാനേജ്‌മെന്റ് സീറ്റുകളില്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം വരെ തലവരി പണം വാങ്ങുകയാണ് പല സ്‌കൂളുകളും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറവില്‍ വികസന ഫണ്ടിന്റെ പേരില്‍ വമ്പിച്ച പണപ്പിരിവ് നടക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനം അപലപനീയമാണെന്നും അവര്‍ പറഞ്ഞു. ആത്മാര്‍ഥതയോടെയാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും മറ്റ് വിദ്യാഭ്യാസ പരിപാടികളും നടത്തുന്നതെങ്കില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെഎസ്ടിയു ആവശ്യപ്പെട്ടു. സൗകര്യമുള്ള വിദ്യാലയങ്ങളില്‍ അധിക ബാച്ചുകള്‍ നല്‍കി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യം ഉറപ്പുവരുത്തണമെന്നും കെഎസ്ടിയു നേതാക്കള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top